f

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി ശ്രീകൃഷ്‌ണ ക്ഷേത്രം നമ്പിയായി കാഞ്ഞങ്ങാട് ഇക്കരദേശത്തിലെ മാക്കരംകോട് നാരായണൻ വാസുദേവൻ ചുമതലയേറ്റു. ഇനി മൂന്നുവർഷം പുറപ്പെടാ ശാന്തിയായി ഇദ്ദേഹം ചുമതലയിൽ തുടരും. കോട്ടയ്ക്കൽ പി.എസ്.വി നാട്യ സംഘത്തിലെ കഥകളി ആശാൻ കൂടിയാണ് ഇദ്ദേഹം. കഥകളി അവസാനിപ്പിച്ച് ഇനി മുഴുവൻ സമയം ക്ഷേത്രപൂജയുമായി കഴിയും. മൂന്നുവർഷം കഴിഞ്ഞും വേണമെങ്കിൽ തുടരാം. കാസർകോട് ചന്ദ്രഗിരിപ്പുഴക്കിപ്പുറത്തുള്ള പുല്ലൂർ ഇക്കരദേശക്കാരിൽ നിന്നും അപ്പുറത്തുള്ള കൊക്കട അക്കരദേശികളിൽ നിന്നുമാണ് മുറ അനുസരിച്ച് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പി, പെരിയ നമ്പി തുടങ്ങിയവരെ നിയമിക്കുന്നത്. അക്കരദേശിയായ പൗർണം നരസിംഹം വെങ്കിട്ട രാമനായിരുന്നു ഇതുവരെ തിരുവമ്പാടിയിലെ നമ്പി. പടിഞ്ഞാറേ നടയിലെ വടക്കേമഠത്തിലായിരിക്കും പുറപ്പെടാ ശാന്തിയായി നാരായണൻ വാസുദേവൻ താമസിക്കുക. പുല്ലൂർ യോഗസഭക്കാരുടെ താമസ സ്ഥലമായ പടിഞ്ഞാറെ നടയിൽ തന്നെയുള്ള തെക്കേമഠത്തിലാണ് അക്കരദേശത്തെ നമ്പിമാർ താമസിക്കുന്നത്. ഇവരുടെ സഭ കൂടിയാണ് നമ്പി ആരാകണമെന്ന് തീരുമാനിക്കുന്നത്. ഇന്നലെ രാവിലെ മാക്കരംകോട് നാരായണൻ വാസുദേവൻ ചുമതലയേറ്രെടുത്തു. കിഴക്കേമഠം പുഷ്‌പാ‌ഞ്ജലി സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥയിൽ നിന്നും നമ്പി ഓലക്കുട സ്വീകരിച്ചു. പടിഞ്ഞാറേ നടയിലുള്ള മിത്രാനന്ദപുരം കുളത്തിൽ കുളിച്ച ശേഷം ക്ഷേത്രത്തിലെത്തിയ നമ്പിക്ക് തന്ത്രി ദക്ഷിണയും വസ്ത്രവും നൽകി. തുടർന്ന് അകത്തെ ശ്രീലകത്തുവച്ച് തന്ത്രി മൂലമന്ത്രോപദേശം നൽകി. യോഗത്തിൽ പോറ്റിമാരായ നെയ്‌തശേരി മഠം മനോജ്, വഞ്ചിയൂർ അത്തിയറ മഠം രാമരു, കൊല്ലൂർ അത്തിയറ മഠം കൃഷ്ണരു എന്നിവർ കാർമികത്വം വഹിച്ചു. ശ്രീകാര്യക്കാരൻ നാരായണയ്യർ നമ്പിയായി വാഴിക്കുന്ന നീട്ട് വായിച്ചു. തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ നാരായണൻ വാസുദേവൻ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ പൂജയും കലശവും നടത്തി. ചടങ്ങിൽ എക്‌സിക്യൂട്ടീവ് ഓഫീസർ സി.പി. ഗോപകുമാർ, മാനേജർ ബി. ശ്രീകുമാർ, അസി. ശ്രീകാര്യം ഗോപകുമാർ എന്നിവരും പങ്കെടുത്തു.