തിരുവനന്തപുരം: ഇന്ത്യാഗവൺമെന്റിന്റെ സമുന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാൻ നിറവിൽ ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ കെ.ജി. ബാബുരാജൻ. ഇന്ത്യൻ സമൂഹത്തിന് നൽകിയ സമഗ്രസംഭാവനകളും സാമൂഹിക പ്രതിബദ്ധതയും, ജീവകാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം.
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദം നേടി 1979 ൽ സൗദി അറേബ്യയിലെത്തിയ ബാബുരാജൻ രണ്ടു വർഷങ്ങൾക്കു ശേഷം ബഹ്റൈനിൽ എത്തി. അവിടെ പ്രഗൽഭ ടെക്‌നോക്രാറ്റ്, ജിയോടെക്‌നിക്കൽ കൺസൾട്ടന്റ്, പൈൽ ഫൗണ്ടേഷൻ എക്‌സ്‌പെർട്ട്, മാനേജ്‌മെന്റ് വിദഗ്ദ്ധൻ എന്നീ നിലകളിൽ പേരെടുത്തു.
സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 26 കി.മീറ്ററുള്ള, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം സൗദി - ബഹ്‌റൈൻ കോസ്‌വേ, വിവിധ പാലങ്ങൾ, ഖലീഫ പോർട്ട്, വേൾഡ് ട്രേഡ് സെന്റർ, ഫിനാൻഷ്യൽ ഹാർബർ, സിറ്റി സെന്റർ,ആൽബ, ബഹ്‌റൈൻ എയർപോർട്ട് തുടങ്ങിയ പ്രധാന നിർമ്മിതികളിലൊക്കെ ഈ മലയാളി എൻജിനിയറുടെ കരങ്ങളുണ്ട്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബാബുരാജൻ ശിവഗിരി മഠം തീർത്ഥാടന കമ്മിറ്റിയുടെ ചെയർമാനുമാണ്.ശിവഗിരിമഠത്തിന്റെ പുതിയ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്,ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ബാബുരാജ് ഹാൾ തുടങ്ങിയ കെട്ടിടങ്ങൾ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഉദാഹരണങ്ങളാണ്. തിരുവനന്തപുരത്ത് ജിയോ ടെക്‌നിക്കൽ കൺസൾട്ടൻസിയും ടെസ്റ്റിംഗ് ലാബും റിസർച്ച് സെന്ററും സ്ഥാപിക്കാനുള്ള ആലോചനയിലാണ് ഇദ്ദേഹം.
തിരുവല്ല കുറ്റൂർ ഗ്രാമത്തിൽ ഹിന്ദി അദ്ധ്യാപകനായ കല്ലൻ പറമ്പിൽ ദിവാകരന്റെയും ഭാരതിയുടെയും മകനാണ്. തിരുവനന്തപുരം പേട്ടയിലാണ് താമസിക്കുന്നത്. ഭാര്യ ദിൽറാണി ആർക്കിടെക്ട് ആണ്. മക്കൾ: രജത് ബാബുരാജൻ, ഡോ.രമ്യ. മരുമക്കൾ: ഡോ. ഐശ്വര്യ, ഡോ.അബിൻ.