കാസർകോട്: കാഴ്ച മറക്കുന്ന വിധത്തിൽ വാഹനങ്ങളുടെ ഗ്ലാസുകളിൽ കർട്ടൻ ഇടുന്നതും കറുത്ത കൂളിംഗ് ഫിലിം ഒട്ടിക്കുകയും ചെയ്യുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് അധികാരികൾ കാസർകോട് ജില്ലയിലും കർശനമായ നടപടി തുടങ്ങി. 'ഓപ്പറേഷൻ സ്‌ക്രീൻ' എന്ന പേരിൽ നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയിൽ 104 കേസുകൾ ഇന്നലെ പിടികൂടിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും പ്രത്യേക പോയിന്റുകൾ നിശ്ചയിച്ചു കൊണ്ട് പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചും കർട്ടൻ ഇട്ടും ഓടുന്നതിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ഉൾപ്പെടെ ഉണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഗതാഗത നിയമം ലംഘിക്കുന്നത് തടയാൻ കർശന നടപടി എടുക്കാനാണ് ഗതാഗത വകുപ്പ് കമ്മീഷണർ ഉത്തരവിട്ടത്. കോടതി വിധി വന്നിട്ടും നിയമം അനുസരിക്കാൻ പലരും തയ്യാറായിരുന്നില്ല. നിയമലംഘനം നടത്തിയതായി ശ്രദ്ധയിൽപെട്ട വാഹനങ്ങളുടെ ഉടമയുടെ പേരിൽ ഇ ചെല്ലാൻ പ്രകാരം കുറ്റപത്രം നൽകുകയാണ് ചെയ്തത്. തൃക്കരിപ്പൂർ, കാലിക്കടവ് മുതൽ മഞ്ചേശ്വരം വരെയുള്ള ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന നടന്നു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും കറുത്ത ഫിലിമുകൾ പൊളിച്ചു മാറ്റുകയും കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
വാഹന ഉടമകളെ ബോധവത്ക്കരിക്കാനും മുന്നറിയിപ്പ് നൽകാനും അധികൃതർ തയ്യാറായി. അവധി ദിവസമായതിനാൽ കൂടുതൽ സർക്കാർ വാഹനങ്ങൾ ഇന്നലെ നിരത്തിൽ ഉണ്ടായിരുന്നില്ല. കാസർകോട് ആർ.ടി.ഒ രാധാകൃഷ്ണൻ, എൻഫോഴ്‌സ്‌മെന്റ് ആർ ടി.ഒ ജെർസൺ എന്നിവരും ജോയിന്റ് ആർ.ടി.ഒമാരും എം.വി.ഐമാരും ജില്ലയിലെ പരിശോധനക്ക് നേതൃത്വം നൽകി.