smugling

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 13 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. പാപ്പിനിശേരി സ്വദേശിയിൽ നിന്നാണ് 250 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു 21 കാരൻ. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ബാഗേജിലുണ്ടായിരുന്ന അയേൺ ബോക്സിനുള്ളിലായിരുന്നു സ്വർണം കടത്തിയത്. ചെയിൻ രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത്.

കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എൻ.സി. പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, അശോക് കുമാർ, മനീഷ് ഖട്ടാന്ന, യുഗൽ കുമാർ സിങ്ങ്, ഗുർമിത്ത് സിംഗ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.