
ദിൽ സേ എന്ന ചിത്രത്തിലെ 'ജിയാ ചലേ' എന്ന ഗാനം ബോളിവുഡ് പ്രേക്ഷകർക്ക് മാത്രമല്ല മലയാളികൾക്കും പ്രിയപ്പെട്ടതാണ്. കേരളം പശ്ചാത്തലമാക്കി ഒരുക്കിയ ഗാനത്തിൽ മലയാളത്തിൽ നിന്നുള്ള വരികളുമുണ്ട്. ഗാനത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ പ്രധാന താരമായ പ്രീതി സിന്റ. ആനകൾക്ക് മുന്നിൽ നിന്നും നൃത്തം ചെയ്യുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
"ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് ആനകൾ അമ്പരന്നു നിൽക്കുകയാണ് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? നല്ല കുട്ടിയായി ഫറാ ഖാൻ ആവശ്യപ്പെട്ടതെല്ലാം ചെയ്യുകയായിരുന്നു ഞാൻ" എന്നാണ് പ്രീതി സിന്റ ക്യാപ്ഷനായി കുറിച്ചത്. ദിൽ സെ ചിത്രീകരണത്തിനിടയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഇതെന്നും പ്രീതി കൂട്ടി ചേർത്തു.
പ്രീതി സിന്റെയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ദിൽ സേ. മണിരത്നം സംവിധാനം ചെയ്ത ചിത്രം 1998ലാണ് പുറത്തിറങ്ങിയത്. പ്രണയയുദ്ധ ത്രില്ലർ ചിത്രമായി എത്തിയ ദിൽ സേയിൽ ഷാരൂഖ് ഖാൻ, മനീഷ കൊയ്രാള എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തി. ചിത്രത്തിലെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. എ.ആർ.റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. വടക്കുകിഴക്കൻ ഇന്ത്യയിലെ സായുധകലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ ചിത്രമായ ദിൽ സേയ്ക്ക് അക്കൊല്ലത്തെ മികച്ച ക്യാമറമാൻ (സന്തോഷ് ശിവൻ), മികച്ച ഓഡിയോഗ്രാഫർ (എച്ച് ശ്രീധർ) എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.