kwa

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ വാട്ടർ അതോറിട്ടിയെ കമ്പനിയാക്കാൻ നീക്കം. ഇതിനായി അഡീഷണൽ ചീഫ് സെക്രട്ടറിയും വാട്ടർ അതോറിട്ടി ചെയർമാനുമായ ടി..കെ. ജോസ് ചീഫ് എൻജിനിയർമാരുടെയും സൂപ്രണ്ടിംഗ് എൻജിനിയർാരുടെയും യോഗം ഓൺലൈനിൽ വിളിച്ച് അഭിപ്രായമാരാഞ്ഞു. ചീഫ് എൻജിനിയർമാർ സ്വാഗതം ചെയ്തപ്പോൾ, സൂപ്രണ്ടിംഗ് എൻജിനിയർമാർ മൗനം പാലിച്ചു.

കെ.എസ്.ഇ.ബിയുടെ മാതൃകയിൽ ഉദ്പാദനം, വിതരണം, നിയന്ത്രണം എന്നിവ മൂന്ന് കമ്പനിയാക്കാനാണ് നീക്കം. നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന വാട്ടർ അതോറിട്ടിയെ കരകയറ്റുകയും അടിക്കടിയുള്ള പൈപ്പ് പൊട്ടലിന് തടയിടുകയുമാണ് കമ്പനിവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. വാട്ടർ അതോറിട്ടിയിലെ അംഗീകൃത സംഘടനകൾക്ക് ഇത് സംബന്ധിച്ച അഭിപ്രായം കൈമാറി. യൂണിയനുകൾ അനുകൂലമാണെങ്കിലും തൊഴിലാളികൾ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. വാട്ടർ അതോറിട്ടിയിലെ എൻജിനിയർമാരുടെ മൂന്ന് സംഘടനകളുടെ സംയുക്ത സമരസമിതി ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നു. ഇന്ന് വാട്ടർ അതോറിട്ടി ആസ്ഥാനത്തും മറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധദിനം ആചരിക്കും.

25 % ശമ്പളം

ഓഹരിയിൽ

ജീവനക്കാരുടെ ശമ്പളത്തിൻെറ 25 ശതമാനം കമ്പനിയിലെ ഓഹരിയാക്കി മാറ്റാനാണ് നീക്കം. ഒപ്പം പെൻഷനാകുന്ന ജീവനക്കാരുടെ ഒരു വിഹിതം കമ്പനിയുടെ ഷെയറാക്കും. അതിലൂടെ വാട്ടർ അതോറിട്ടിക്ക് പുതുജീവൻ നൽകുന്നതിനൊപ്പം ജീവനക്കാർക്കുള്ള ആത്മാർത്ഥത വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ പ്രവർത്തനം വിലയിരുത്തിയാവണം ശമ്പളമെന്ന നിർദ്ദേശവുമുണ്ട്. ഇതുൾപ്പെടുത്തിയ അജണ്ട വാട്ടർ അതോറിട്ടിയുടെ അടുത്ത ബോർഡ് യോഗത്തിൽ അവതരിപ്പിക്കാനാണ് നീക്കം. ലാഭം കൂടിയാൽ ശമ്പളം കുറവില്ലാതെ ലഭിക്കും. കുറഞ്ഞാൽ ശമ്പളവും കുറയും.