പാറശാല: വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് കുളത്തിൽ ചാടി ആത്മഹത്യ ചെയ്‌ത വീട്ടമ്മയോടൊപ്പം കാണാതായ ഭർതൃ സഹോദരൻ നാഗേന്ദ്രനെ ഇന്നലെ രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിനിടെ കുളത്തിന് സമീപത്തെ ഗോഡൗണിന് പിന്നിൽ നിന്നും കണ്ടെത്തി. ചെങ്കൽ തോട്ടിൻകര ചിന്നംകോട്ട് വിള വീട്ടിൽ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി അമ്മ (56), ഭർത്താവിന്റെ അനുജൻ നാഗേന്ദ്രൻ (58) എന്നിവരെയാണ് 15 മുതൽ കാണാതായത്. പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ സരസ്വതി അമ്മയെ വീടിന് സമീപത്തെ പെരുമ്പല്ലി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നാഗേന്ദ്രനെ കണ്ടെത്താൻ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും രണ്ട് ദിവസമായി തെരച്ചിൽ നടത്തുകയായിരുന്നു. കുളവും സമീപത്തെ മൂന്ന് കിണറുകളും വറ്റിച്ചുള്ള പരിശോധനയും വിഫലമായതോടെ പൊലീസും ഫയർഫോഴ്‌സും പിൻവാങ്ങുകയായിരുന്നു. ക്ഷീണിതനായി കണ്ടെത്തിയ നാഗേന്ദ്രനെ പൊലീസ് എത്തി പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇരുവരും ജീവിതം അവസാനിപ്പിക്കുന്നതായുള്ള സരസ്വതിഅമ്മയുടെ കത്ത് വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇരുവരും കുളത്തിൽ ചാടിയെന്ന് നാട്ടുകാർ കരുതിയത്. സരസ്വതി അമ്മയുടെ മരണത്തിലും നാഗേന്ദ്രനെ കാണാതായതിലും ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. നാഗേന്ദ്രനെ കണ്ടെത്തുന്നതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ഇവർ പറഞ്ഞു.