fff

തിരുവനന്തപുരം : കൊവിഡ് വാക്‌സിനേഷൻ ആഴ്ചയിൽ നാലുദിവസം കൃത്യമായി നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. ഇന്ന് മെഡിക്കൽ കോളേജിലും നാളെ ജനറൽ ആശുപത്രിയിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. പുല്ലുവിള പ്രാഥമികാരോഗ്യകേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യകേന്ദ്രത്തിലും ഉടൻ വാക്‌സിനേഷൻ തുടങ്ങും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെയാണ് വാക്‌സിനേഷൻ. ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രം, ജില്ല ആയുർവേദ ആശുപത്രി വർക്കല, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിങ്ങനെ 11 വാക്‌സിൻ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ കഴിഞ്ഞദിവസം കുത്തിവയ്പ്പ് നടന്ന പൂഴനാട്, മണമ്പൂർ, വർക്കല എന്നിവിടങ്ങളിലെ ആശുപത്രികളിൽ വാക്‌സിനേഷൻ ആദ്യദിനത്തോടെ പൂർത്തിയായി. എല്ലാവർക്കും 0.5 എം.എൽ കൊവീഷീൽഡ് വാക്‌സിനാണു നൽകുന്നത്. ആദ്യ ഡോസ് എടുത്ത ശേഷം 28 ദിവസത്തിനു ശേഷം രണ്ടാമത്തെ ഡോസ് നൽകും. വാക്‌സിൻ സ്വീകരിച്ചശേഷം 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരുത്തിയ ശേഷമാണ് വിട്ടയയ്ക്കുന്നത്. കളക്ടറുടെ നേതൃത്വത്തിലാണു ജില്ലയിലെ എല്ലാ വാക്‌സിനേഷൻ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്. കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ടാസ്‌ക് ഫോഴ്‌സ്, ജില്ലാ കൺട്രോൾ റൂം എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമേ ബ്ലോക്ക് തലത്തിൽ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകുന്ന ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സും ബ്ലോക്ക് കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്.