തളിപ്പറമ്പ്: ഒരു വർഷം മുൻപേ തളിപ്പറമ്പ് നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടും ഉപയോഗിക്കാനാകാത്തത് വെല്ലുവിളിയാകുന്നു. ദൃശ്യങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനം തങ്ങളുടെ അധീനതയിൽ വേണമെന്ന് പൊലീസും നഗരസഭയും തമ്മിൽ വാശിപിടിക്കുന്നതാണ് പ്രതിസന്ധി.
നഗരസഭ സ്ഥാപിച്ച ക്യാമറയുടെ മോണിറ്റർ ഉൾപ്പെടെയുള്ള എല്ലാ നിയന്ത്രണ സംവിധാനങ്ങളും തളിപ്പറമ്പ് പൊ
ലീസ് സ്റ്റേഷനിലായിരുന്നു. ഇത് നഗരസഭയിൽ തന്നെ വേണമെന്നാണ് നഗരസഭാ സെക്രട്ടറിയുടെ നിലപാട്. നഗരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്താനാണ് ഭാരിച്ച തുക ചെലവഴിച്ച് കാമറ സ്ഥാപിച്ചതെന്നാണ് സെക്രട്ടറി പറയുന്നത്. ഇതിന്റെ മോണിറ്ററിംഗ് സംവിധാനം നഗരസഭയിൽ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ ഓഡിറ്റിംഗിൽ പ്രശ്നങ്ങളുണ്ടാകും. ഇക്കാര്യത്തിൽ വ്യക്തമായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് സെക്രട്ടറി നഗരകാര്യ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാറിൽ നിന്നും നിർദ്ദേശം കിട്ടിയാൽ മാത്രമേ പരിഹാരമാകൂ. അൽപം കൂടി പണം ചെലവഴിച്ചാൽ പൊലീസ് സ്‌റ്റേഷനിലും മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്താൻ കഴിയുമെന്നും കല്ലിങ്കീൽ വ്യക്തമാക്കി.
35 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനികമായ 54 വയർലെസ് കാമറകൾ സ്ഥാപിച്ചത്. നഗരസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇതിന്റെ ഉദ്ഘാടനവും നടന്നു. പക്ഷെ, ഇതുവരെയായി ഒരു കാമറ പോലും പ്രവർത്തിച്ചിട്ടില്ല. ഇതിന്റെ മോണിറ്ററിംഗ് സംവിധാനങ്ങളെ ചൊല്ലി ഒരു വർഷത്തോളം തർക്കം നടന്നിരുന്നു. ഇതിൽ വ്യക്തമായ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് കോൺട്രാക്ടർ കാമറ പ്രവർത്തിപ്പിക്കാനുള്ള അനുബന്ധ സംവിധാനങ്ങൾ അഴിച്ചുകൊണ്ടുപോയതിനെ തുടർന്നാണ് കാമറകൾ ഒന്നുപോലും പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതെന്നാണ് പറയുന്നത്. ഇതിനിടെ നഗരത്തിലും പരിസരങ്ങളിലും നിരവധി മോഷണങ്ങളും തട്ടിപ്പുകളും അടുത്ത നാളുകളിലായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
തളിപ്പറമ്പ് ദേശീയപാത, മെയിൻ റോഡ്, മാർക്കറ്റ് റോഡ്, കുപ്പം, ചിറവക്ക്, തൃച്ചംബരം, കോർട്ട് റോഡ്, മന്ന, കരിമ്പം, അള്ളാംകുളം, പാലകുളങ്ങര, സയ്യിദ് നഗർ, പുഷ്പഗിരി, കുറ്റിക്കോൽ, ഏഴാംമൈൽ തുടങ്ങി നഗരസഭാ പരിധിയിലെ 27 സ്ഥലങ്ങളിലാണ് രണ്ട് കാമറകൾ വീതം സ്ഥാപിച്ചത്. അഞ്ച് വർഷം മുമ്പ് നഗരത്തിൽ സ്ഥാപിച്ച വയറുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിച്ച കാമറകളിൽ ചിലത് സമൂഹ വിരുദ്ധർ വയറുകൾ മുറിച്ചുനീക്കി പ്രവർത്തന രഹിതമാക്കിയിരുന്നു. ഇതോടെ ആറ് ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ചിരുന്ന കാമറകൾ മുഴുവനും ഉപയോഗശൂന്യമായി മാറിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. താലൂക്ക് വികസന സമിതിയിൽ നൽകിയ പരാതിയെ തുടർന്നാണ് നഗരസഭ 35 ലക്ഷം രൂപ ചെലവിൽ പുതിയ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. അടിയന്തിരമായി സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന കളക്ടറുടെ അദാലത്തിലെ നിർദ്ദേശം കൂടി പരിഗണിച്ചാണ് നടപടികൾ വേഗത്തിലാക്കിയത്. എന്നാൽ ഇപ്പോഴും കാമറകൾ നിശ്ചലമാണ്.