road

ആര്യനാട്: ആര്യനാട് - കോട്ടയ്ക്കകം - പറണ്ടോട് റോഡ് തകർന്നു. റോഡിന്റെ തകർച്ചകാരണം ഈ റോഡിലൂടെയുള്ള യാത്രക്കാർ ദുരിതത്തിലാണ്. പലയിടങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായിട്ടുണ്ട്. മഴക്കാലമായാൽ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിന്ന് ഇരുചക്രവാഹനയാത്രാക്കാർ ഉൾപ്പടെ അപകടത്തിൽപ്പെടുന്നതും സ്ഥിരമായിട്ടുണ്ട്.

മലയോരമേഖലയിലെ പ്രധാനപ്പെട്ട ആര്യനാട് - പറണ്ടോട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.

തേവിയാരുകുന്ന്, മലയൻതേരി, ബൗണ്ടർ മുക്ക്‌, മീനാങ്കൽ, മൂന്നാറ്റിൻ മുക്ക്‌ തുടങ്ങിയ സ്ഥലങ്ങളിലുള്ള താമസക്കാരും ഈ റോഡിനെയാണ് കൂടുതലായി അശ്രയിക്കുന്നത്. സ്കൂൾ തുറന്നതോടെ മീനാങ്കൽ ട്രൈബൽ സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്നതും ഈ റോഡിനെ തന്നെ. ആദിവാസികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ആര്യനാട് - കോട്ടയ്ക്കകം - പറണ്ടോട് റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

10 വർഷത്തിലധികമായി റോഡിന്റെ മുഴുവനായുള്ള പണിനടന്നിട്ട്. ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടക്കുമെന്നതൊഴിച്ചാൽ മറ്റൊന്നും നടക്കാറില്ല. മിനുക്ക് പണികൾ നടത്താനായി ലക്ഷങ്ങൾ ചെലവഴിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.