ആലക്കോട്: കരുവൻചാൽ എലഗൻസ് ബാറിലെ തൊഴിലാളികൾ ബാറുടമകളുടെ തൊഴിൽ നിഷേധത്തിനെതിരെ നടത്തുന്ന സമരത്തിന്റെ ഭാഗമായുള്ള റിലേ സത്യാഗ്രഹ സമരം 9 ദിവസം പിന്നിട്ടു. 8 വർഷം മുമ്പ് ആരംഭിച്ച ഈ ബാറിൽ 82 തൊഴിലാളികൾക്കു വരെ ജോലി ലഭിച്ചിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. എന്നാൽ കൊവിഡ് 19 നെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കുന്ന സമയത്ത് 42 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ 26 പേർ സ്ഥിരം തൊഴിലാളികളും 16 പേർ താത്ക്കാലിക തൊഴിലാളികളുമായിരുന്നു.
ഈ സമയത്ത് സി.ഐ.ടി.യു തൊഴിലാളികളെ സംഘടിപ്പിച്ച് ബാറിനു മുമ്പിൽ കൊടിമരം സ്ഥാപിച്ചതോടെ തൊഴിലാളികളും മാനേജ്‌മെന്റുമായി പ്രശ്നങ്ങൾ ഉടലെടുത്തു. 2 മാസത്തെ ലോക്ഡൗണിന് ശേഷവും ബാർ തുറക്കാൻ വൈകിയതോടെ തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലായി. പിന്നീട് നിയന്ത്രണങ്ങളോടെ ബാർ തുറന്നെങ്കിലും തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കിയത് വീണ്ടും പ്രശ്നങ്ങൾ വഷളാക്കി. പുറത്തുനിൽക്കുന്ന തൊഴിലാളികൾക്ക് മാസം 500 രൂപയാണ് നൽകിയത്. ആഴ്ചയിൽ 2 ദിവസമെങ്കിലും എല്ലാ തൊഴിലാളികൾക്കും തൊഴിൽ ലഭിക്കുന്നതിന് വേണ്ടി മാനേജ്‌മെന്റുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
2020 ജൂലൈ 2ന് മാനേജ്‌മെന്റ് ബാർ അടച്ചുപൂട്ടിയതോടെ തൊഴിലാളികൾ അക്ഷരാർഥത്തിൽ പെരുവഴിയിലായി. ഇതിനെത്തുടർന്ന് തൊഴിലാളികൾ അടച്ചിട്ട ഗേറ്റിനു മുമ്പിൽ കൊടി നാട്ടി അനിശ്ചിത കാല സമരം ആരംഭിക്കുകയായിരുന്നു. ഇതിനിടെ ഹൈക്കോടതിയിൽ നിന്നും ബാർ തുറന്ന് പ്രവർത്തിക്കുന്നതിന് മാനേജ്‌മെന്റ് ഉത്തരവ് സമ്പാദിക്കുകയും പൊലീസിനെ സുരക്ഷയ്ക്കായി നിയോഗിച്ചുകൊണ്ട് ബാർ തുറന്ന് പ്രവർത്തിക്കുകയുമായിരുന്നു. ഡിസംബർ 24 മുതൽ പ്രവർത്തിക്കുന്ന ബാറിൽ 15 പേരെ പുതിയതായി നിയമിക്കുകയായിരുന്നു. കൂടാതെ 8 പേരെ താത്ക്കാലികമായി നിയമിച്ചിട്ടുമുണ്ടെന്നാണ് സമരം ചെയ്യുന്ന തൊഴിലാളികൾ പറയുന്നത്. തൊഴിലാളി യൂണിയൻ ആരംഭിച്ചതിന്റെ പേരിലാണ് തങ്ങളെ പുറത്താക്കിയതെന്നാണ് ഇവർ പറയുന്നത്. ഇതേ കാരണത്താൽ ശ്രീകണ്ഠാപുരത്തെ ബാറിലും തൊഴിലാളികളെ പിരിച്ചുവിട്ടതിനെ തുടർന്ന് 26 ദിവസമായി അവിടെയും സമരം നടന്നുവരികയാണ്. എന്നാൽ യൂണിയനുകളുടെ ഭീഷണികൾക്കു വഴങ്ങി ബാർ തുറക്കാൻ കഴിയില്ലെന്നാണ് ബാറുടമകൾ പറയുന്നത്. ലേബർ ഓഫീസർ വിളിച്ചചേർത്ത ചർച്ചയിലും കത്ത് കിട്ടിയില്ലെന്ന കാരണം പറഞ്ഞ് മാനേജ്‌മെന്റ് മാറിനിൽക്കുകയായിരുന്നു. സി.പി.എം ആലക്കോട് ഏരിയാ കമ്മിറ്റിയാണ് ഇപ്പോൾ തൊഴിലാളികളുടെ സമരം ഏറ്റെടുത്തിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് ഇനിയും എത്രനാൾ സമരം തുടരേണ്ടി വരുമെന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട്.