thejas

കല്ലറ: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ലോകവിവരങ്ങൾ പറയുന്ന കൗമാരക്കാരനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് തേജസ് എന്ന 14 കാരന്. തെക്കേ ഇന്ത്യയിൽ ഉപയോഗിച്ചുവരുന്ന 165 ഓളം വാദ്യോപകരണങ്ങളുടെ പേര്, കേരളത്തിലെ 44 നദികളുടെ പേര്, ഖുർആനിലെ 25 പ്രവാചകന്മാരുടെ നാമം, 18 പുരാണങ്ങൾ, മോഹൻലാൽ അഭിനയിച്ച 350ഓളം സിനിമകളുടെ പേര് എന്നിവ ക്രമത്തിൽ പറഞ്ഞാണ് തേജസ് ഒരേ സമയം അഞ്ചു റെക്കോർഡുകൾക്ക് അർഹനായത്.

11 വിഭാഗങ്ങളിലായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന്റെ മികവ് പട്ടികയിൽ ഇടം നേടിയ ഈ മിടുക്കൻ കൊവിഡ് കാലത്താണ് ഇതെല്ലാം പഠിച്ചെടുത്തത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും പേരും തലസ്ഥാന നഗരങ്ങളും അക്ഷരമാലാക്രമത്തിൽ പറയാനും തേജസിന് നിമിഷങ്ങൾ മതി.

ആവർത്തന പട്ടികയിലെ 118 മൂലകങ്ങളുടെ നാമം അറ്റോമിക് സംഖ്യകളുടെ ക്രമത്തിൽ ഒരു മിനിറ്റ് കൊണ്ട് പറയുന്ന ഒമ്പതാം ക്ലാസുകാരന് പുരാണങ്ങളും ഇതിഹാസങ്ങളും, അറബിയിൽ അല്ലാഹുവിന്റെ 99 നാമങ്ങളും ഹൃദ്യസ്ഥമാണ്.

കല്ലറ ഗവൺമെന്റ് വൊക്കേഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ തേജസ് പാങ്ങോട് പഴവിള കെ.വി. യു.പി.എസിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് തന്റെ അത്യപൂർവ ഓർമ്മശക്തി ആദ്യമായി പ്രകടിപ്പിക്കുന്നത്. കടയ്ക്കൽ മതിര സ്വദേശിയായ മാദ്ധ്യമപ്രവർത്തകൻ വേണു പരമേശ്വരറിന്റെയും ജുഡീഷ്യറി വകുപ്പ് ജീവനക്കാരി വിദ്യയുടെയും മൂത്തമകനാണ് തേജസ്‌.