myl

കൊയിലാണ്ടി. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പാസാക്കിയ രാഷ്ട്രീയപ്രമേയം യു.ഡി.എഫിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയേക്കും. കൊയിലാണ്ടി അസംബ്ളി സീറ്റ് കോൺഗ്രസിൽ നിന്നും മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്നാണ് പ്രമേയം. പ്രമേയം പാസായത് മുസ്ളിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റും നഗരസഭാ കൗൺസിലറും മുതിർന്ന നേതാവുമായ വി.പി ഇബ്രാഹിം കുട്ടിയടേയും മണ്ഡലം പ്രസിഡന്റ് തങ്ങളടേയും സാന്നിദ്ധ്യത്തിലായത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കും. കൊയിലാണ്ടി സീറ്റ് കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ കൈവശമാണ്.

കഴിഞ്ഞ തവണ പരാജയപ്പെട്ട എൻ. സുബ്രഹ്മണ്യൻ വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുന്ന സന്ദർഭത്തിൽ അദ്ദേഹത്തിനെതിരെയുള്ള നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്. പരമ്പരാഗതമായി യു.ഡി.എഫിന്റെ കൈകളിൽ ഭദ്രമായിരുന്ന കൊയിലാണ്ടി കഴിഞ്ഞ പതിനഞ്ച് വർഷമായി ഇടത് മുന്നണിയുടെ കൈയ്യിലാണ്. ലോക്‌സഭയിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിക്കുന്ന വലിയ ഭൂരിപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയെടുക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗിന് ജയസാധ്യതയുള്ള സ്വീകാര്യനായ സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം തിരിച്ച് പിടിക്കണമെന്നാണ് പ്രമേയത്തിന്റെ ഉള്ളടക്കം.
സി.കെ ഗോവിന്ദൻ നായരടേയും കെ.പി ഉണ്ണികൃഷ്ണന്റേയും രാഷ്ട്രീയതട്ടകമാണ് കൊയിലാണ്ടി. 1970 മുതൽ തുടർച്ചയായി ഇവിടെ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ജയിച്ചത്. ഇ. നാരായണൻ നായർ, മണിമംഗലത്ത് കുട്ട്യാലി, എം.ടി പത്മ, പി.ശങ്കരൻ എന്നിവരാണ് ജയിച്ചവർ. സി.പി.എമ്മിന് ബാലികേറാ മലയായിരുന്നു കൊയിലാണ്ടി. കോൺഗ്രസിൽ ഗ്രൂപ്പിസം ശക്തമായതോടെയാണ് ഇടത് നേതാക്കളായ പി. വിശ്വനും കെ. ദാസനും ജയിച്ചത്. കോൺഗ്രസിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട പ്രമുഖരാണ് സി.എച്ച് ഹരിദാസും, ഇ. രാജഗോപാലൻ നായരും. സി.പി.എം നേതാവായ ടി. ദേവിയും തോറ്റവരിൽ പ്രമുഖരാണ്.

ഇവരെയൊക്കെ തോൽപ്പിച്ചത് കൊയിലാണ്ടിയിലെ പ്രാദേശിക നേതാക്കൾ കൂടിയാണ്. അത്രമാത്രം കോൺഗ്രസിന് അടിത്തറയുള്ള സീറ്റാണിത്. അങ്ങനെയുള്ള സീറ്റിന് വേണ്ടി മുസ്ലിം ലീഗ് അവകാശമുന്നയിക്കുന്നത് കോൺഗ്രസിന് സഹിക്കാവുന്നതിനപ്പുറമാണ്. കൊയിലാണ്ടി സീറ്റ് ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണങ്കിലും സംഘടന കൈ പിടിയിൽ ഒതുക്കിയത് എ വിഭാഗമാണ്. യൂത്ത് ലീഗിന്റെ പ്രമേയത്തിന് പിന്നിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ചരട് വലി ഉണ്ടോ എന്നും സംശയമുണ്ട്. ഏതായാലും യൂത്ത് ലീഗിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് സജീവമായ ചർച്ചകൾ ഉയർന്നു വരാൻ ഇടയുണ്ട്‌.