കിളിമാനൂർ: കൊവിഡ് പ്രതിസന്ധിമൂലം 7മാസം മുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റുകൾ ജൂലായിൽ പുനഃരാരംഭിച്ചിട്ടും ലൈസൻസിനായി ലേണേഴ്സ് ടെസ്റ്റ് എഴുതി പാസായവർ ടെസ്റ്റ് പൂർത്തിയാക്കാനുള്ള നീണ്ട കാത്തിരിപ്പിലാണ്. ടെസ്റ്റിനുള്ള തീയതി ഓൺലൈനായി തിരഞ്ഞെടുക്കാനാവാതെ കഷ്ടപ്പെടുകയാണ് അപേക്ഷകരിൽ പലരും. പഴയ ഫയലുകൾ തീർപ്പാക്കാൻ ബാക്കിയുള്ളതിനാൽ ജൂലായിയിൽ അപേക്ഷിച്ച പുതിയ ലേണേഴ്സുകാരും പ്രതിസന്ധിയിലാണ്. ആർ.ടി. ഒ ഓഫീസുകളിൽ നിരവധി ഫയലുകളാണ് തീർപ്പാക്കാൻ ബാക്കിയുള്ളത്. ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ശതമാനമാക്കിയിട്ടും ഫയലുകളുടെ എണ്ണത്തിൽ കുറവ് ഇല്ലാത്തതിനാൽ പുതിയ സർക്കുലർ ഇറക്കിയിരുന്നു. ഇതുപ്രകാരം രാവിലെയും ഉച്ചയ്ക്കും ടെസ്റ്റ് നടത്തിയാണ് ഇത്തരം ഫയലുകൾ തീർപ്പാക്കാൻ നിർദേശം നൽകിയത്.
സ്ലോട്ട് ബുക്കിംഗും തലവേദനയാകുന്നു
അപേക്ഷകരുടെ എണ്ണം കൂടിയതിനാൽ ഓൺലൈൻ സ്ലോട്ട് ബുക്കിംഗ് നിമിഷങ്ങൾക്കകം അവസാനിക്കുന്നതും അപേക്ഷകരെ കഷ്ടത്തിലാക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ സാരഥി വെബ്സൈറ്റിൽ ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്ത് തീയതി തിരഞ്ഞെടുത്താൽ മാത്രമേ ടെസ്റ്റ് നടത്താനാവൂ. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി തീയതികളിലാണ് ടെസ്റ്റ് നടത്തുന്നത്. ഓരോ ദിവസവും രാവിലെ 8ന് തീയതി തിരഞ്ഞെടുക്കാനുള്ള ബുക്കിംഗ് ആരംഭിക്കുമെങ്കിലും 10 മിനിറ്റിനകം മുഴുവൻ സ്ലോട്ടുകളും പൂർത്തിയാവുന്ന അവസ്ഥയാണ്. നിലവിൽ മാർച്ച് വരെയുള്ള തീയതികളിൽ എല്ലാം ബുക്കിംഗ് പൂർത്തിയായി. ഇത്തരത്തിൽ തീയതി തിരഞ്ഞെടുക്കാൻ ദിവസങ്ങൾ വേണ്ടിവരികയും തീയതി കിട്ടിയാൽ തന്നെ ടെസ്റ്റ് പൂർത്തിയാക്കാൻ പിന്നെയും മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ് അപേക്ഷകർക്ക്.
ലേണേഴ്സിന് അപേക്ഷിച്ചാൽ പത്ത് ദിവസത്തിനകം എക്സാം നടത്തുന്നുണ്ട്. കൊവിഡ് കാലത്തതുൾപ്പെടെ ലേണേഴ്സ് പാസായവരുടെ ടെസ്റ്റ് നടത്തേണ്ടതിനാലും, നിലവിൽ ദിവസേന ലേണേഴ്സ് പാസാകുന്ന നൂറോളം പേരുടെ ടെസ്റ്റും നടത്തേണ്ടതായിട്ടുണ്ട്. രണ്ട് എം.വി.ഒ മാരുടെ നേതൃത്വത്തിൽ രാവിലെയും, ഉച്ചയ്ക്കും ടെസ്റ്റ് നടത്തും.
സാജൻ, ആർ.ടി.ഒ, ആറ്റിങ്ങൽ