povar

തിരുവനന്തപുരം: അന്താരാഷ്ട്ര കപ്പൽ നിർമ്മാണ മേഖലയിൽ രാജ്യത്തിന് കുതിപ്പുണ്ടാകുന്ന ആദ്യത്തെ ആഴക്കടൽ മദർഷിപ്പ് പദ്ധതി പൂവാറിൽ ആരംഭിക്കാനുള്ള നീക്കം അധികൃതരുടെ അനാസ്ഥയിൽ നീളുന്നു. കേന്ദ്ര മാരിടൈം പദ്ധതി പ്രകാരം ഇന്ത്യയിൽ വൻകിട കപ്പൽ നിർമ്മാണശാല സ്ഥാപിക്കാനായി അനുയോജ്യമായ സ്ഥലങ്ങൾ നിർദ്ദേശിക്കാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. മുംബയ് പോർട്ട് നോഡൽ ഏജൻസിയായി നടത്തിയ പഠനങ്ങളിൽ രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ വിശാഖപട്ടണവും പടിഞ്ഞാറൻ മേഖലയിൽ പൂവാറിനെയുമാണ് മദർഷിപ്പ് നിർമ്മാണ കേന്ദ്രങ്ങളാക്കാമെന്ന് കണ്ടെത്തിയത്. അന്താരാഷ്ട്ര കപ്പൽ പാതയിൽ നിന്ന് വെറും പത്ത് നോട്ടിക്കൽ മൈൽ അകലം മാത്രമാണ് പൂവാറിനുള്ളത്. 24-30 മീറ്രർ ആഴമുള്ള തീരപ്രദേശവും പൂവാറിനുള്ള അനുയോജ്യ ഘടകമായിരുന്നു.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ പൂവാർ കപ്പൽ നിർമ്മാണ ശാലയ്ക്കും അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യം ലഭിക്കുമായിരുന്നു. ഇതാണ് കെടുകാര്യസ്ഥതമൂലം നാളെ നാളെയാകുന്നത്. വിഴിഞ്ഞത്ത് വരുന്ന കപ്പലുകൾക്ക് വർഷത്തിലൊരിക്കൽ പൂവാറിൽ മേജർ റിപ്പയറിംഗ് മെയിന്റനൻസും നടത്താമെന്ന സാദ്ധ്യതയും ഇതോടെ പരണത്തായി. കടലിലെ ആഴം കൂടിയ പ്രദേശങ്ങളിൽ ബ്രേക്ക് വാട്ടറുകൾ നിർമ്മിച്ച് അവിടെ ഡ്രൈ‌ ഡോക്കുകൾ സ്ഥാപിച്ചാണ് എല്ലായിടത്തും കപ്പൽ നിർമ്മാണ ശാലകൾ സ്ഥാപിക്കുന്നത്. ഇക്കാര്യത്തിൽ അനന്തമായ സാദ്ധ്യതകളാണ് പൂവാറിനുള്ളത്. എന്നാൽ പദ്ധതി എന്ന് ആരംഭിക്കാനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ലാതായതോടെ എല്ലാ പ്രതീക്ഷകളും വൃഥാവിലായി.

എസ്.പി.വി തുടങ്ങാം

സംസ്ഥാന സർക്കാർ വിചാരിച്ചാൽ തിരുവനന്തപുരം ഇന്റർനാഷണൽ ഷിപ്പ് യാർഡ് കമ്പനി എന്നോ മറ്രോ പേരിട്ട് പ്രത്യേകം കമ്പനി തുടങ്ങാം. ഡി.പി.ആർ തയ്യാറാക്കൽ, അടിസ്ഥാന സൗകര്യവികസനം, വിവിധ കേന്ദ്രാനുമതികൾ നേടിയെടുക്കൽ, വൻകിട കപ്പലുകൾ നിർമ്മിച്ച പരിചയമുള്ള രാജ്യാന്തര കമ്പനികൾക്ക് നിക്ഷേപത്തിനുളള സൗകര്യവും ഒരുക്കൽ എന്നിവ മാത്രമാണ് ഇതിനായി ഒരുക്കേണ്ടത്.

 നിർമ്മിക്കാൻ കഴിയുന്ന കപ്പലുകൾ

ചരക്ക് കൊണ്ടുപോകുന്ന കണ്ടെയ്‌നർ കപ്പലുകൾ, ദ്രാവക രൂപത്തിലുള്ളവ കൊണ്ടുപോകുന്ന സൂപ്പർ ടാങ്കറുകൾ, വൻകിട യാത്രാക്കപ്പലുകളായ മെഗാ ക്രൂയിസുകൾ, ചരക്ക് , യാത്രാ ആവശ്യങ്ങൾക്കെല്ലാം ഉപയോഗിക്കാവുന്ന മൾട്ടി പർപ്പസ് വെസലുകൾ, വിമാന വാഹിനക്കപ്പലായ എയർക്രാഫ്റ്റ് കാരിയർ, ചെറുകിട യാത്രാക്കപ്പലായ പാസഞ്ചർ ഷിപ്പ് തുടങ്ങിയവയെല്ലാം നിർമ്മിക്കാനുള്ള സൗകര്യം പൂവാറിലുണ്ട്. ഇതോടൊപ്പം ടൂറിസം വികസനത്തിനും കപ്പൽ നിർമ്മാണശാല യാഥാർത്ഥ്യമാകുന്നതോടെ സാദ്ധ്യതയുണ്ട്.