വർക്കല: പേരിന്റെ അന്വർത്ഥത നഷ്ടപ്പെട്ട കാപ്പിൽ കിളിമുക്കം ഇന്ന് അനാഥമാണ്. പണ്ടിവിടം ദേശാടനപ്പക്ഷികളടക്കം നീർകിളികളുടെ സങ്കേതമായിരുന്നു. തദ്ദേശീയ ജലപക്ഷികളും അത്യപൂർവയിനം ദേശാടന പക്ഷികളും ഇടകലർന്ന് വിഹരിച്ച ഈ വെൺമണൽ തീരം ഇന്ന് ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയിലാണ്. ഇടവ- നടയറ കായലിനും, പരവൂർ കായലിനും മദ്ധ്യേയുള്ള ഇത്തിരി പോന്ന കായൽപരപ്പിനെയാണ് 'കിളിമുക്കം' എന്ന പേരിൽ അറിയപ്പെടുന്നത്.
കായൽപ്പരപ്പിനോടനുബന്ധിച്ച് പഴയകാലത്ത് തണ്ണീർതടങ്ങളും ചതുപ്പുകളും സമൃദ്ധമായിരുന്നു. ഇവിടെ നിന്നും അധികം ദൂരം അല്ലാത്ത പൂത്തകുളം, പുന്നക്കുളം, പൊട്ടക്കുളം, ഇടവകുളം, കാക്കുളം, മേക്കുളം എന്നീ നിരവധി പാടശേഖരങ്ങളും ഉണ്ടായിരുന്നു. കിളിമുക്കത്തെ തീറ്റപാടങ്ങളും മേച്ചിൽപ്പുറങ്ങളും പ്രജനന കേന്ദ്രങ്ങളും മറ്റും മാറിവന്ന സാമൂഹിക സാഹചര്യത്തിൽ ഇതിനോടകം അന്യംനിന്നുപോയി. വിശാലമായ കാപ്പിൽ കായൽ തീരത്തെ കണ്ടലുകളിൽ അവിടെയുണ്ടായിരുന്ന കൊറ്റില്ലങ്ങളും ഇന്നില്ല.
കാട്ടുപുന്നകളും കൈതക്കാടുകളും തണലിടമൊരുക്കിയ തീരങ്ങളിൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായിരുന്നു പക്ഷികളുടെ കൂട്ടത്തോടെയുള്ള വരവ്. മദ്ധ്യ ഏഷ്യയിൽ നിന്നും എത്തുന്നതായി പറയപ്പെടുന്ന കാട്ടുതാറാവ് എന്ന സൂചി വാലൻ, സീസന് അല്പം മുൻപേ സെപ്തംബർ മുതൽ കിളിമുക്കം മേഖലയിൽ ഇടം തേടിയിരുന്നു.
എന്നാൽ ഇക്കുറി സൂചിവാലനും ഇവിടം വേണ്ടാതായി. കാപ്പിൽ പടിഞ്ഞാറെ പൊഴിമുഖം തുറക്കുന്ന വർഷ കാലങ്ങളിലും തീരപ്രദേശം കിളിയൊച്ചകളാൽ മുഖരിതമായിരുന്നു. നിർഭാഗ്യവശാൽ ഇനിയൊരു വീണ്ടെടുപ്പിന് സാദ്ധ്യതയില്ലാത്തവിധം കാപ്പിൽ കിളിമുക്കം വിസ്മൃതമാവുകയാണ്.
കൊല്ലം- തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കാപ്പിൽ എന്ന കൊച്ചു ഗ്രാമത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർ ഏറെയാണ്. കടലും കായലും സംഗമിക്കുന്ന പടിഞ്ഞാറെ പൊഴി മുഖത്തിന് അഭിമുഖമായി ഒറ്റപ്പെട്ടു കിടക്കുകയാണ് കാപ്പിൽ കിളിമുക്കം. വിശാലമായ കായൽ പരപ്പുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കിളിമുക്കം കിളികളുടെ വരവും കാത്തിരിക്കുകയാണ്.
ഇവിടം സന്ദർശിച്ചിരുന്ന ദേശാടനക്കിളികൾ
എരണ്ട, ചോരക്കാലി, പച്ചക്കാലി, ചൂളൻ, സൈബീരിയൻ വെള്ള, തുടങ്ങി വരവിനങ്ങൾക്ക് പുറമേ ചേരക്കോഴി, നീലക്കോഴി, കുളക്കോഴി,പൊന്മ എന്നിങ്ങനെ ജലപക്ഷികളും വയൽ പക്ഷികളായ കൊക്ക് മുങ്ങാംകോഴി, താമരക്കോഴി തുടങ്ങി വിവിധയിനം പക്ഷികളും ഇവിടെയുണ്ടായിരുന്നു.
പ്രദേശം നേരിടുന്ന പ്രശ്നം
ആവാസവ്യവസ്ഥയിൽ വന്നുഭവിച്ച മാറ്റം, കാലാവസ്ഥാവ്യതിയാനം, കണ്ടലുകളുടെ ശോഷണം, ടൂറിസത്തിന്റെ കടന്നുവരവ്, അനധികൃത കൈയേറ്റങ്ങൾ തുടങ്ങി പലവിധ കാരണങ്ങളാൽ ഒറ്റപ്പെട്ടും കൂട്ടം തെറ്റിയും നീർപക്ഷികൾ പലതും പറന്നകന്നു.