ധീരതയുടെ നാടായാണ് ഝാൻസി അറിയപ്പെടുന്നത്. ഇപ്പോഴിതാ ചരിത്രത്തിൽ മറ്റൊരു അദ്ധ്യായം എഴുതിച്ചേർക്കാൻ ഒരുങ്ങുകയാണ് ഝാൻസി. സ്ട്രോബെറി കൃഷിയിലൂടെയാണ് ഝാൻസി പുതിയ ചുവടുവയ്ക്കുന്നത്. സ്ട്രോബെറി കൃഷിയ്ക്ക് അനുയോജ്യമാണെന്ന് തെളിയിച്ച ഉത്തർപ്രദേശിലെ ഝാൻസിയുടെ മണ്ണിൽ ' സ്ട്രോബെറി ഫെസ്‌റ്റിവൽ ' ആരംഭിച്ചിരിക്കുകയാണ്. വിളവെടുപ്പിനോടനുബന്ധിച്ച് ജനുവരി 17ന് ആരംഭിച്ച ഫെസ്‌റ്റിവൽ ഫെബ്രുവരി 16നാണ് അവസാനിക്കുക.
സ്ട്രോബെറി കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണിത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 'സ്ട്രോബെറി ഫെസ്‌റ്റിവലി'ന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്ട്രോബെറി കൃഷിയിലൂടെ കർഷകർക്ക് മികച്ച വരുമാനം നേടാനാകുമെന്നാണ് അധികൃതരുടെ അഭിപ്രായം. യു.പിയിലെ പിന്നോക്ക മേഖലകളിലൊന്നാണ് ഝാൻസി ഉൾപ്പെട്ട ബുന്ധേൽഖണ്ഡ് മേഖല.
ബുന്ധേൽഖണ്ഡിൽ ആദ്യമായാണ് സ്ട്രോബെറി കൃഷി ആരംഭിച്ചത്. പൊതുവെ പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, ഇഞ്ചി എന്നിവയ്ക്ക് പേരുകേട്ടതാണ് ഝാൻസി ജില്ല. ഝാൻസിയിലെ രണ്ട് കുടുംബങ്ങളാണ് ആദ്യമായി സ്ട്രോബെറി കൃഷിയ്ക്ക് തുടക്കമിട്ടത്. സ്ട്രോബെറി എങ്ങനെ കൃഷി ചെയ്യാമെന്നും അതിലൂടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാമെന്നുമുള്ള കാര്യങ്ങൾ ഫെസ്‌റ്റിവലിൽ ജനങ്ങളോട് ചർച്ചചെയ്യുമെന്നും വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുമെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.
സ്ട്രോബെറി തൈകളും വിതരണം ചെയ്യും. 1.5 ഏക്കർ കൃഷി ഭൂമിയിൽ നിന്ന് 10,000 കിലോ സ്ട്രോബെറി ഉത്പാദിപ്പിച്ചെന്നും ഇത് കിലോയ്ക്ക് 100 രൂപ നിരക്കിൽ വിപണിയിൽ എത്തിച്ചതായും കർഷകരിൽ ഒരാൾ പറയുന്നു.