pinaryi-

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ തകർക്കുന്നത് സ്ഥാപനത്തിലുള്ള ചിലരാണെന്ന് തുറന്നടിച്ച ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജുപ്രഭാകറിനെ വിളിച്ചുവരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വിവാദ പ്രസ്താവനകൾ ഒഴിവാക്കാനും പരിഷ്ക്കരണ നടപടികളുമായി മുന്നോട്ടുപോകാനും നിർദേശം നൽകി. യൂണിയൻ നേതാക്കളും മാനേജ്മെന്റുമായി ഇന്നലെ പരിഷ്കരണ നടപടികൾ ചർച്ച ചെയ്യാനിരിക്കേയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.

ബിജു പ്രഭാകർ ശനിയാഴ്ച വാർത്താസമ്മേളനം നടത്തി സ്ഥാപനത്തിൽ നടക്കുന്ന അഴിമതിയും ക്രമക്കേടും വെളിപ്പെടുത്തിയിരുന്നു. യൂണിയനുകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ഞായറാഴ്ച ഫേസ് ബുക്കുവഴിയും

അദ്ദേഹം കാര്യങ്ങൾ തുറന്നടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഒൗദ്യോഗിക വസതിയിലേക്ക് രാവിലെ വിളിച്ചുവരുത്തിയത്.

കെ.എസ്.ആർ.ടി.സിയെ രക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും തൊഴിലാളി സംഘടനകളെയും ഉദ്യോഗസ്ഥരെയും വെറുപ്പിച്ചുകൊണ്ടുള്ള സമീപനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പരിഷ്‌കരണം അട്ടിമറിക്കാൻ മാനേജ്‌മെന്റിനെതിരെ ചിലർ കള്ളപ്രചാരണം നടത്തുകയാണെന്നും ഈ സാഹചര്യത്തിലാണ് ചില കാര്യങ്ങൾ തുറന്നു പറയേണ്ടിവന്നതെന്നും ബിജു പ്രഭാകർ മുഖ്യമന്ത്രിയെ അറിയിച്ചു.