biju-prabhakar

പൊതുഖജനാവിനും യാത്രക്കാർക്കും ഭാരമായി മാറിയ കെ.എസ്.ആർ.ടി.സി ഒരിക്കൽക്കൂടി നിർണായകമായ ഒരു ദശാസന്ധി നേരിടുകയാണ്. അവിടെ കാര്യങ്ങൾ ഒട്ടും ചൊവ്വല്ലെന്ന് തുറന്നടിക്കുന്നത് സ്ഥാപനത്തിന്റെ അമരക്കാരൻ തന്നെയാണ്. അപ്രിയ സത്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരിൽ ജീവനക്കാരുടെ യൂണിയനുകൾ സംഘടിതമായി പുതിയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറുമായി കൊമ്പുകോർത്തു കഴിഞ്ഞു. ഐ.എൻ.ടി.യു.സിക്കാർ തുടക്കമിട്ട പ്രതിഷേധമുറകൾ മറ്റു യൂണിയനുകളും ഏറ്റെടുക്കുമെന്നു തീർച്ച. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയടക്കം ഉന്നതർ പരസ്യമായിത്തന്നെ ബിജു പ്രഭാകറിന്റെ പരിഷ്കരണ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുന്നതും കണ്ടു. ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ മേൽ കെട്ടിവയ്ക്കരുതെന്നാണ് സി.ഐ.ടി.യു നേതാവിന്റെ പ്രസ്താവന. എന്നാൽ വർഷങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്കും പൊറുക്കാനാകാത്ത കെടുകാര്യസ്ഥതയ്ക്കും കോർപ്പറേഷനിലെ ജീവനക്കാർക്ക് പങ്കില്ലെന്ന് എങ്ങനെ പറയാനാകും. എപ്പോഴൊക്കെ പരിഷ്കരണ നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ടു വന്നിട്ടുണ്ടോ അപ്പോഴൊക്കെ അതിനെ എതിർത്തു പരാജയപ്പെടുത്തിയത് ജീവനക്കാർ തന്നെയല്ലേ? ഒരു ബസ് സ്റ്റോപ്പ് മാറ്റി നിശ്ചയിക്കുന്നതിൽ പോലും യൂണിയനുകളുടെ അംഗീകാരം വാങ്ങേണ്ട ഗതികേടുമായി നിൽക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കാതലായ ഒരു പരിഷ്കാരവും സാധാരണഗതിയിൽ സാദ്ധ്യമല്ലെന്നത് ആർക്കാണ് അറിഞ്ഞുകൂടാത്തത്.

കെ.എസ്.ആർ.ടി.സിയുടെ പുതിയ മേധാവിയായി നിയമിതനായ ബിജു പ്രഭാകർ സ്ഥാപനത്തിന്റെ നിലനില്പിനും അഭിവൃദ്ധിക്കും വേണ്ടി നടപ്പാക്കാനുദ്ദേശിക്കുന്ന ചില നടപടികളുടെ പേരിലാണ് ഇപ്പോഴത്തെ പ്രതിസന്ധി. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ പലരും സ്ഥാപനത്തെ കടക്കെണിയിൽ നിന്നു മോചിപ്പിക്കാൻ ശ്രമിച്ചതാണ്. ഫലമുണ്ടായില്ലെന്നു മാത്രം. സ്ഥാപനം എത്ര നഷ്ടത്തിലാണെങ്കിലും മുടങ്ങാതെ ശമ്പളവും പെൻഷനും ലഭിക്കുമെന്നുറപ്പുള്ളതിനാൽ പരിഷ്കരണ നടപടികളോട് ജീവനക്കാർ പൊതുവേ മുഖംതിരിഞ്ഞു നിൽക്കാറാണ് പതിവ്. മനംമടുത്ത് ചുമതല ഒഴിഞ്ഞുപോയവരും രാഷ്ട്രീയാതിപ്രസരത്തിൽ അടിപതറി കസേര തെറിച്ചവരുമൊക്കെ ഉണ്ട്. ശുഷ്കാന്തിയോടെ കൃത്യനിർവഹണം നടത്തി സ്ഥാപനത്തെ നന്നായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ നന്നായി വിജയിച്ചവരെ ഒരു സുപ്രഭാതത്തിൽ ഇവിടെ നിന്ന് കെട്ടുകെട്ടിച്ച അനുഭവങ്ങളുമുണ്ട്. രാജമാണിക്യവും ടോമിൻ തച്ചങ്കരിയുമൊക്കെ കുറഞ്ഞനാൾ കൊണ്ട് പ്രശംസനീയമായ നേട്ടങ്ങൾ സൃഷ്ടിച്ചവരാണ്. എന്നാൽ അധികകാലം കെ.എസ്.ആർ.ടി.സിയിൽ തുടരാൻ അവരെ സർക്കാർ അനുവദിച്ചില്ല. രാഷ്ട്രീയസമ്മർദ്ദം അത്രയ്ക്കു ശക്തമായിരുന്നു എന്നു സാരം. ആവേശപൂർവം ഇപ്പോൾ കോർപ്പറേഷന്റെ ചുമതല ഏറ്റെടുത്തിരിക്കുന്ന ബിജു പ്രഭാകറിനും അതേഗതി ഉണ്ടാകാതിരിക്കാൻ സർക്കാർ മനസുവയ്ക്കണം. വിമർശനങ്ങളും ഭീഷണിയും ശക്തമായേക്കാം. ജീവനക്കാരിൽ ഒരു വിഭാഗം സകല അടവുകളും പയറ്റിയുമെന്നിരിക്കും. എന്നാൽ സ്ഥാപനത്തിന്റെ നിലനില്പ് അപകടപ്പെടാതിരിക്കണമെങ്കിൽ രണ്ടും കല്പിച്ചുള്ള ചില നടപടികൾ അത്യന്താപേക്ഷിതമാണെന്ന യാഥാർത്ഥ്യം സർക്കാർ മാത്രമല്ല വിവിധ യൂണിയൻ നേതാക്കളും തിരിച്ചറിയേണ്ടതുണ്ട്. നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്കാര നടപടികളുടെ ഫലം ലഭിച്ചുതുടങ്ങുന്നതു വരെയെങ്കിലും ബിജു പ്രഭാകറിനെ ഈ സ്ഥാനത്തു തുടരാൻ അനുവദിക്കണം.

കഴിഞ്ഞ രണ്ടുദിവസമായി ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി ബന്ധപ്പെട്ട് സ്ഥാപനമേധാവി മാദ്ധ്യമങ്ങൾ വഴി പുറത്തുവിട്ട കാര്യങ്ങൾ അങ്ങേയറ്റം ഗൗരവ സ്വഭാവമുള്ളതാണ്. കെ.ടി.ഡി.എഫ്.സിയുമായി നടന്ന ഇടപാടിൽ നൂറു കോടി രൂപയുടെ ക്രമക്കേടുണ്ടായെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ട്‌സ് വിഭാഗം മേധാവി കൂടിയായ എക്സി‌ക്യൂട്ടീവ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കാൻ പോവുകയാണ്. എന്തിനും പോന്ന ഉപജാപക സംഘത്തിന്റെ നിയന്ത്രണത്തിലാണ് അവിടെ ഭരണം നടന്നുവന്നതെന്ന വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. വർഷങ്ങളായി തുടർന്നു വരുന്ന ക്രമക്കേടുകളുടെയും വമ്പൻ പണാപഹരണങ്ങളുടെയും മറ്റ് അനവധി കള്ളത്തരങ്ങളുടെയും വെട്ടിപ്പുകളുടെയും ഞെട്ടിക്കുന്ന അനുഭവങ്ങൾ ജീവനക്കാർക്കു തന്നെ പറയാനുണ്ടാകും. ജീവനക്കാരിൽ അഞ്ചു ശതമാനത്തോളം പേർ മാത്രമേ സ്ഥാപനത്തിന്റെ താത്‌പര്യങ്ങൾക്കെതിരായി നിൽക്കുന്നുള്ളൂവെന്ന് സി.എം.ഡി പറയുന്നു. മതിയല്ലോ, സ്ഥാപനത്തെ തകർക്കാനും നാശത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനും ഇവർ മാത്രം വിചാരിച്ചാൽ മതി. അതിനാൽ ഈ പുഴുക്കുത്തുകളെ കണ്ടെത്തി ഉചിതമായ ശിക്ഷാനടപടി കൈക്കൊള്ളുകയാണ് പരിഷ്കരണ യജ്ഞത്തിന്റെ ആദ്യ പടി. ഇതിൽ അമാന്തം കാണിക്കുന്തോറും ഈ ദുഷ്ടശക്തികൾ ശക്തിയാർജ്ജിക്കുകയും എല്ലാ പരിഷ്കകരണത്തെയും അട്ടിമറിക്കുകയും ചെയ്യും. നവീകരണത്തിന്റെ ഭാഗമായി ദീർഘദൂര സർവീസുകൾക്കായി മാത്രം സ്വിഫ്‌റ്റ് എന്ന പേരിൽ പുതിയൊരു കമ്പനി രൂപീകരിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ പ്രതിഷേധത്തിനും അട്ടിമറി ശ്രമങ്ങൾക്കും നിമിത്തമായിരിക്കുന്നത്. ട്രാൻസ്പോർട്ട് കോർപ്പറേഷനിൽത്തന്നെ പ്രവർത്തിക്കുന്ന സ്വതന്ത്രകമ്പനി എന്ന നിലയ്ക്കായിരിക്കും സ്വിഫ്‌റ്റ് വരുന്നത്. പത്തുവർഷം കഴിയുമ്പോൾ മാതൃസ്ഥാപനത്തിൽ ലയിക്കുകയും ചെയ്യും. കോർപ്പറേഷന്റെ പ്രവർത്തനം വികേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് എത്രയെത്ര പഠന റിപ്പോർട്ടുകളാണ് ഇതിനകം വന്നിട്ടുള്ളത്. യൂണിയനുകളുടെ എതിർപ്പിനു മുന്നിൽ ഒന്നുപോലും നടപ്പായിട്ടില്ല. ഓരോ വർഷവും പൊതുഖജനാവിൽ നിന്ന് കോടിക്കണക്കിനു രൂപയാണ് കെ. എസ്.ആർ.ടി.സിയുടെ നടത്തിപ്പിനായി നൽകിക്കൊണ്ടിരിക്കുന്നത്. പുതിയ ബഡ്ജറ്റിലും 1800 കോടി രൂപ ഇതിനായി വകകൊള്ളിച്ചിട്ടുണ്ട്. എത്രകിട്ടിയാലും കരകയറുകയില്ലെന്ന വാശിയിൽ നിൽക്കുന്ന സ്ഥാപനം നേരെയാകണമെങ്കിൽ കർക്കശവും നിശിതവുമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നേ മതിയാവൂ. അഴിച്ചുപണി മുകൾത്തട്ടിൽ നിന്നേ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഗതാഗതവകുപ്പ് ഇതിന് പൂർണ പിന്തുണ നൽകിക്കഴിഞ്ഞു എന്നാണു സൂചന. ഭരണ തലപ്പത്ത് പ്രൊഫഷണലുകളെത്തന്നെ കൊണ്ടുവരണം. പ്രവർത്തനം വൈവിദ്ധ്യവത്‌ക്കരിക്കണം. ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനും നടപടി വേണം. ജീവനക്കാരുടെ സംതൃപ്തിയാണ് ഏതൊരു സ്ഥാപനത്തിന്റെയും നിലനില്പിന് അടിസ്ഥാനമെന്നു മറക്കരുത്. കോർപ്പറേഷനിൽ നിലവിൽ ഏഴായിരത്തിലേറെ പേർ അധികമുണ്ടെന്നാണു കണക്ക്. അവരെ പുനർവിന്യസിക്കണം. പഴയ സാമ്പത്തിക തട്ടിപ്പുകളും ക്രമക്കേടുകളും സമയബന്ധിതമായി അന്വേഷിച്ച് കുറ്റക്കാർക്ക് അർഹമായ ശിക്ഷ നൽകണം. തട്ടിപ്പു നടത്തുകയും കൂട്ടുനിൽക്കുകയും ചെയ്ത ആരും രക്ഷപ്പെടാൻ പാടില്ല. ഭീഷണിക്കും പ്രതിഷേധത്തിനും ഒരു കാരണവശാലും വഴങ്ങരുത്.