
കല്ലമ്പലം: വഴിതെറ്റി എങ്ങനെയോ കല്ലമ്പലത്ത് അകപ്പെട്ട പൊമേറിയൻ വളർത്തു നായ യജമാനനെ തേടുന്നു. പത്തു ദിവസമായി കല്ലമ്പലം കേരളകൗമുദി ഓഫീസിന് സമീപം അലഞ്ഞുതിരിയുന്ന നായ നാട്ടുകാർക്ക് നൊമ്പരമാകുന്നു. സൗമ്യ സ്വഭാവമുള്ള ആൺ നായ ആർക്കും ശല്യമില്ലെങ്കിലും വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളിലും ആൾക്കൂട്ടത്തിലുമൊക്കെ ആരെയോ തെരയുന്നതായി തോന്നും. കറുപ്പും വെളുപ്പും ഇടകലർന്ന നിറമുള്ള നായയുടെ കഴുത്തിൽ ബെൽറ്റും മണിയും കെട്ടിയിട്ടുണ്ട്. സമീപത്തെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ വല്ലപ്പോഴും നൽകുന്ന അന്നവും വെള്ളവുമാണ് നായയുടെ ജീവൻ നിലനിറുത്തുന്നത്. നായ ഇതിനോടകം പലരോടും സ്നേഹം പ്രകടിപ്പിച്ചെങ്കിലും സംരക്ഷിക്കാൻ ആരും തയ്യാറല്ല. യഥാർത്ഥ ഉടമ തേടി വരുമെന്ന പ്രതീക്ഷയിൽ കണ്ണും നട്ടിരിക്കുകയാണ് നായ.