plastic

തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് തദ്ദേശ സ്ഥാപനങ്ങൾ മുഖേന യൂസർ ഫീസ് പിരിവു നിർബന്ധമാക്കാൻ ചട്ടങ്ങൾ തയ്യാറായി. വീടുകൾ, സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ, പൊതുപരിപാടികളുടെ സംഘാടകർ തുടങ്ങിയവരിൽ നിന്നെല്ലാം മാലിന്യത്തിന്റെ അളവ് അനുസരിച്ച് പ്രതിമാസം തുക ഈടാക്കും. നികുതി, കുടിശിക എന്നിവ പോലെ യൂസർ ഫീസും ഈടാക്കാനാണ് തീരുമാനം.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംഭരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പരിപാലിക്കുന്നതിനുമാണു ചട്ടങ്ങൾ. വീടുകളിൽനിന്നു പ്രതിമാസം 20 രൂപ മുതൽ 200 രൂപ വരെയാകും ഫീസ്. ഫ്ലാറ്റുകളിലും റസിഡന്റ്സ് ഏരിയകളിലും ഓരോ ഫ്ലാറ്റും/വീടും പ്രത്യേകം ഫീസ് നൽകണം. സ്ഥാപനങ്ങൾ, വഴിയോരക്കച്ചവടക്കാർ, കേറ്ററിംഗ് യൂണിറ്റുകൾ തുടങ്ങിയവയിൽ മാലിന്യത്തിന്റെ അളവിന് അനുസരിച്ചാകും ഫീസ്. തദ്ദേശ സ്ഥാപനത്തിന്റെ മുദ്ര പതിച്ച രസീതിലാകണം യൂസർ ഫീ പിരിവ്. ചട്ടങ്ങൾ, ‘തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി’ എന്ന പേരിൽ സർക്കാർ ഉത്തരവായി ഇറക്കി. ഇവ ഇനി എല്ലാ തദ്ദേശസ്ഥാപനങ്ങളും ഭരണസമിതി യോഗം ചേർന്ന് അംഗീകരിച്ചു വിജ്ഞാപനം ചെയ്യുന്നതോടെ പ്രാബല്യത്തിലാകും.

50,000 വരെ പിഴ

ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ആദ്യതവണ 10,000 രൂപ, രണ്ടാം തവണ 25,000 രൂപ, മൂന്നാം തവണ 50,000 രൂപ എന്നിങ്ങനെ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് പിഴ ഈടാക്കാം. നാലാം തവണയും ആവർത്തിച്ചാൽ സ്ഥാപനം ആണെങ്കിൽ പ്രവർത്തനാനുമതി നിശ്ചിത കാലത്തേക്കു റദ്ദാക്കാം.

ഹരിത കർമ്മ സേനയ്‌ക്ക് ചുമതല

പ്ലാസ്റ്റിക് മാലിന്യ ശേഖരണം, നീക്കം ചെയ്യൽ, സംഭരണം, സംസ്കരണം, എന്നിവ തദ്ദേശ സ്ഥാപനങ്ങൾ ഹരിതകർമസേന/ഏജൻസിയെ ഏൽപ്പിക്കണം.ഇവർ കളക്‌ഷൻ സെന്ററുകളിലും മെറ്റീരിയൽ റിക്കവറി സെന്ററിലും മാലിന്യങ്ങൾ എത്തിക്കും.

ഫീസ് ഇങ്ങനെ (മാലിന്യത്തിന്റെ അളവ് അനുസരിച്ച് )

പ്ലാസ്റ്റിക് കവറുകൾ പോലുള്ളവ - 10–20 രൂപ (100 ഗ്രാമിന്)
മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് 10 രൂപ (ഓരോ 100 ഗ്രാമിനും)
100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾക്ക് - 250 രൂപ