തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ച സൈനികൻ പിടിയിൽ. പൂന്തുറ നടുത്തറ ലൈബ്രറിക്ക് സമീപം ടി.സി. 69/445ൽ കെൽവിൻ വിൽസാണ് (32) അറസ്റ്റിലായത്. ആക്രമണത്തിൽ പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.30ന് പൂന്തൂറ കരിമ്പുവിള ബൈപ്പാസിലായിരുന്നു സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെ ഹെൽമെറ്റ് ധരിക്കാതെയെത്തിയ കെൽവിനെ പൊലീസുകാർ തടഞ്ഞു. എന്നാൽ വാഹനം നിറുത്താതെ മുന്നോട്ടുപോയ ഇയാൾ അടുത്തുള്ള പെട്രോൾ പമ്പിൽ കയറി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൂന്തുറ പൊലീസ് സൈനികനോട് വാഹനപരിശോധനയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
ഇതിന് വിസമ്മതിച്ച കെൽവിൻ പൊലീസുകാരോട് കയർക്കുകയും സബ് ഇൻസ്പെക്ടർ വിഷ്ണുവിനെ അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ ഇയാൾ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സബ് ഇൻസ്പെക്ടർ വിഷ്ണവിന് ഇടംകൈയിൽ പൊട്ടലുണ്ട്. മറ്റൊരു സബ് ഇൻസ്‌പെക്ടറായ അനൂപ് ചന്ദ്രനും കൈക്കും കാലിനും പരിക്കേറ്റു. കൂടുതൽ പൊലീസ് എത്തിയാണ് കെൽവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചത്.
പ്രതി മദ്യപിച്ചിരുന്നതായും സ്റ്റേഷനിൽ എത്തിച്ച സമയത്തും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. പരിക്കേറ്റ പൊലീസുകാരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യനിർവഹണത്തിന് തടസമുണ്ടാക്കിയതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കെൽവിനെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ബറേലി മിലിറ്ററി ആശുപത്രിയിൽ ഹവിൽദാറിലാണ്
കെൽവിൻ.
കഴിഞ്ഞ ദിവസവും തലസ്ഥാനത്ത് പൊലീസിന് നേരെ ഗുണ്ടാസംഘങ്ങളുടെ ആക്രമണം ഉണ്ടായിരുന്നു. കമലേശ്വരത്ത് വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പൊലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ച മൂന്ന് പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം തിരുവല്ലത്തും പൊലീസ് വാഹനം തല്ലിത്തകർത്ത് ഉദ്യോഗസ്ഥരെ ഗുണ്ടകൾ ആക്രമിച്ചു.