പാലോട്: നന്ദിയോട് ഊളൻകുന്ന് സ്വദേശിയായ ഓട്ടോ റിക്ഷ ഡ്രൈവർ അജേഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ പാലോട് പൊലീസ് അറസ്റ്റുചെയ്തു. മംഗലപുരം മുരുക്കുംപുഴ ഇടവിളാകം മേലേവിള ഭഗവതിവിലാസത്തിൽ സൂര്യകുമാർ (20), മുരുക്കുംപുഴ ഇടവിളാകം ലക്ഷംവീട്ടിൽ ഷാനു (19) എന്നിവരാണ് പിടിയിലായത്. ഊളൻകുന്ന് സ്വദേശിയായ അഭിലാഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അജേഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. മുൻവൈരാഗ്യമാണ് വധശ്രമത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതികളെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മുഖ്യ പ്രതിയായ അഭിലാഷിനേയും മറ്റൊരു പ്രതിയേയും പിടികൂടാനുണ്ട്. ഗുരുതരമായി പരിക്കേറ്റ അജേഷ് നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി. ഉമേഷിന്റെ നിർദ്ദേശാനുസരണം പാലോട് സി.ഐ സി.കെ. മനോജ്, ഗ്രേഡ് എസ്.ഐ മാരായ ഭുവനചന്ദ്രൻ നായർ, അൻസാരി, ഇർഷാദ്, എസ്.സി.പി.ഒ.ബിജു, സി.പി.ഒമാരായ നിസാം, സുജു, ഷിബു, റിയാസ്, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.