വിത്തു കുത്തിത്തിന്നുകഴിഞ്ഞു.
അമ്മിക്കല്ലും ഉരലുമൊക്കെ പണ്ടേ പണയത്തിലാണ്. പാണ്ഡവരെപ്പോലെ ഭാര്യയെ പണയം വച്ചിട്ടായാലും കളിയിൽ ജയിക്കണമെന്നേയുള്ളൂ. കടം കേറി മുടിയും; മുടിയനായ പുത്രൻ എന്നാരും പരിഹസിക്കേണ്ട. കൂടുതൽ കടം മേടിക്കുന്നവർ കൂടുതൽ യോഗ്യനെന്നാണ് പുതിയ സാമ്പത്തിക ശാസ്ത്രം. തൊഴിലെന്തായാലും ആവുന്നത്ര ലോണെടുത്ത് ജീവിക്കാൻ നോക്കുക. തിരിച്ചടിക്കാതിരിക്കുന്നത് സാമർത്ഥ്യം പോലിരിക്കും.
സർക്കാരിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. എത്രത്തോളം ചെലവഴിക്കാൻ പറ്റുമോ അത്രത്തോളം ചെലവഴിക്കണം എന്നതാണ് നവനാണ്യ തത്വം. (Modern Monetery Theory) നാണയപ്പെരുപ്പത്തിന്റെ പ്രളയ സാദ്ധ്യത കരുതിയിരുന്നാൽ മതി.
കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങുന്ന ധനമന്ത്രിയാണ് മിടുക്കൻ. അന്താരാഷ്ട്ര വേദികളിൽ ബക്കറ്റു പിരിവോ മസാല ബോണ്ടോ എന്തു കുന്തമായാലും പുട്ടടിക്കാൻ കാശുവേണം. ലോക മലയാളസഭയോ വിദേശ പര്യടനമോ ധനകാര്യ ചർച്ചയോ - യാത്ര ഏതായാലും പണപ്പിരിവ് തന്നെയാകണം ഉന്നം.
ഇടതുപക്ഷമായാലും വലതുപക്ഷമായാലും അമേരിക്കയെന്ന് കേട്ടാൽ നമ്മുടെ മുട്ടിടിക്കും. അതുകൊണ്ടു കൂടി പറയുകയാണ്. യു.എസ് സെനറ്റ് ബഡ്ജറ്റ് കമ്മിറ്റിയുടെ മുൻ ചീഫ് ഇക്കണോമിസ്റ്റും സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധയുമായ സ്റ്റിഫാനി കിൽട്ടനെ കണ്ടുപഠിക്കണം. ആയമ്മയെഴുതിയ 'ദി ഡെഫിസിറ്റ് മിത്ത്" ആണത്രെ ധനമന്ത്രിയുടെ വേദപുസ്തകം. 77000 രൂപ കടവുമായി കേരളത്തിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും അഭിമാനിക്കാം. ഋണബാദ്ധ്യതകളിലുള്ള തന്റെ സാഹചര്യമോർത്ത് ഏതെല്ലാം വഴിക്ക് നാടിന്റേയും വീടിന്റേയും രാഷ്ട്രത്തിന്റേയും കടബാദ്ധ്യത വർദ്ധിപ്പിക്കാമെന്ന് നമുക്കവനെ പഠിപ്പിക്കാം.
'ഇന്നു രൊക്കം നാളെ കടം" എന്നതൊക്കെ പഴഞ്ചനായിട്ടെത്ര കാലമായി. ലോകബാങ്കിന്റെ പിച്ചച്ചട്ടിയിലായാലും കൈയിട്ടുവാരാൻ നോക്കുകയെന്നതാണ് പുതിയ കാലത്തിന്റെ ചുവരെഴുത്ത്. വിദ്യാഭ്യാസമായാലും ആരോഗ്യമായാലും വീട്ടിലെ പത്തായമായാലും പണയം വച്ച് നാലു പുത്തനുണ്ടാക്കാൻ നോക്കുക. കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങുക. അധികാരത്തിന്റെ തണൽ പാർത്ത് മുന്നേറുക. ബാലസംഘം മുതലേ മുഷ്ടിചുരുട്ടി ശീലിക്കുക. തരപ്പെട്ടാൽ ഒരു മേയറെങ്കിലുമാവാം! ബുദ്ധിജീവിയാകണമെങ്കിൽ ഇടതുവശം ചേർന്നു നടക്കുക. നമ്മുടെ പാവം സംവിധായകൻ കമലിനെപ്പോലെ ഉള്ളത് ഉള്ളം തുറന്ന് പറയാതിരിക്കുക.
അങ്ങനെ പുതിയ പഞ്ചശീലങ്ങൾ പലതുണ്ട്. ലാസ്റ്റ് ബസ് പുറപ്പെടാറായി.
കയറിപ്പറ്റാൻ പറ്റുമോ എന്ന് നോക്കുക. പിൻവാതിലുകൾ തുറന്നു കിടപ്പുണ്ട്!
(ഫോൺ: 9447575156)