isaac-and-satheesan

നിയമസഭയായാലും, തനിക്ക് താനും പുരയ്ക്ക് തൂണും എന്നതാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്. സ്വന്തം കിഫ്ബിയെ തൊട്ടുകളിക്കാൻ സി.എ.ജിയല്ല, ഏത് കൊമ്പൻ വന്നാലും അദ്ദേഹം വകവച്ച് കൊടുക്കില്ല.

കാത്തുകാത്തിരുന്ന ആ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് ഒടുവിലിന്നലെ സഭ മുമ്പാകെയെത്തിയപ്പോൾ വി.ഡി. സതീശൻ ക്രമപ്രശ്നമുന്നയിച്ചു. ഗവർണർക്ക് വേണ്ടി സഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ട റിപ്പോർട്ട് മന്ത്രിതന്നെ വാർത്താസമ്മേളനം നടത്തി ചോർത്തിയത് സത്യപ്രതിജ്ഞാലംഘനവും നിയമസഭയുടെ അവകാശ ലംഘനവുമാണെന്നാണ് വാദം. പോരാത്തതിന്, സി.എ.ജി റിപ്പോർട്ടിനൊപ്പം ചരിത്രത്തിലാദ്യമായി മന്ത്രിയുടെ വിശദീകരണക്കുറിപ്പും സഭയിൽ വച്ചത് സതീശന് ബോധിച്ചില്ല. ഭാവിയിൽ സി.എ.ജിയുടെ വിമർശനമേൽക്കേണ്ടി വരുന്ന മന്ത്രിമാരെല്ലാം, ഐസക് പോയ വഴിയേ വിശദീകരണം നൽകുന്ന സ്ഥിതിയുണ്ടായാൽ?- സതീശനെ ആശങ്കപ്പെടുത്തുന്നത് ഇതാണ്.

തന്റെ വിശദീകരണക്കുറിപ്പ് സഭയിൽ വയ്ക്കാൻ ഗവർണറുടെ അനുമതിയുണ്ടെന്ന് ധനമന്ത്രി മറുപടി നൽകി. സി.എ.ജിക്ക് റിപ്പോർട്ട് തയ്യാറാക്കണമെങ്കിൽ ആദ്യം സർക്കാരിനോട് വിശദീകരണം തേടണമെന്നാണ് മന്ത്രി പറയുന്നത്. അതുണ്ടായില്ല. കരട് റിപ്പോർട്ടിലില്ലാത്തത് അന്തിമറിപ്പോർട്ടിൽ എഴുതിച്ചേർത്തിരിക്കുന്നതും ഗുരുതര കുറ്റകൃത്യമായദ്ദേഹം കണ്ടു.

മുമ്പില്ലാത്ത സാഹചര്യമാണെങ്കിലും മന്ത്രിയുടെ വിശദീകരണക്കുറിപ്പും റിപ്പോർട്ടുമെല്ലാം വിശദമായി സഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കട്ടെയെന്നൊരു തീർപ്പിൽ ക്രമപ്രശ്നം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒരുവിധത്തിൽ തള്ളുകയുണ്ടായി. അപ്പോൾ ജനാധിപത്യ ശ്രീകോവിലിന്റെ പരിപാവനത്വമെന്നൊക്കെ പറയുന്നതോ? എല്ലാമൊരു സങ്കല്പമല്ലേ, ദാസാ എന്ന് സമാധാനിക്കാം.!

ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ പോളിംഗ് ബൂത്തിൽ കയറി പ്രിസൈഡിംഗ് ഓഫീസറുടെ കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കാസർകോട് അംഗം എൻ.എ. നെല്ലിക്കുന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി ആശ്ചര്യപ്പെട്ടു: ഭീഷണിപ്പെടുത്തണമെങ്കിൽ ഭീഷണിപ്പെടുത്താൻ പറ്റുന്ന പ്രകൃതം വേണ്ടേ? ആ പ്രകൃതം ഉദുമ എം.എൽ.എയ്ക്കുണ്ടെന്ന് ആരും പറയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിഗമനം.

വ്യക്തിപരമായി ഏതെങ്കിലും ഭാഷ ഉപയോഗിച്ച് ആരെയെങ്കിലും അധിക്ഷേപിച്ചുവെന്ന് തന്നെ അറിയാവുന്ന ആരും പറയില്ലെന്ന് കുഞ്ഞിരാമന് ഉറപ്പായിരുന്നു. പ്രിസൈഡിംഗ് ഓഫീസറോട്, സീറ്റിൽ പോയിരിക്കൂ സാറേ എന്ന് ബഹുമാനപുരസരം താനഭ്യർത്ഥിച്ച വിവരം അദ്ദേഹം വെളിപ്പെടുത്തി. മൊഴിമാറ്റം പുറത്തേക്കെത്തിയപ്പോൾ മറ്റൊരു രൂപത്തിലായതിന് അദ്ദേഹമെന്ത് പിഴച്ചു!

കുഞ്ഞിരാമൻ എം.എൽ.എയ്ക്കെതിരായ പ്രശ്നം അടിയന്തരപ്രമേയമായി കൊണ്ടുവരാൻ സ്പീക്കർ സമ്മതിച്ചില്ല. അതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷം പിന്നീട് ഉപക്ഷേപമുന്നയിക്കുകയായിരുന്നു.

പിണറായി സർക്കാരിന്റെ അവസാനത്തെ ബഡ്ജറ്റല്ല ഇതെന്ന് ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച തുടങ്ങിവച്ച ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉറപ്പിച്ചു. കുറേ ഭാഗം വായിക്കാതെ വിട്ടിരുന്നെങ്കിൽ നാലുമണിക്കൂറിലേറെ നീളുമായിരുന്ന ഐസക്കിന്റെ ബഡ്ജറ്റ് പ്രസംഗത്തിൽ ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള കുറേ നമ്പരുകളേ വി.ഡി. സതീശൻ കണ്ടുള്ളൂ. വികസനത്തിന് പല വികസിതരാഷ്ട്രങ്ങളും കടമെടുക്കാറുണ്ടെങ്കിലും അവരാരും കടക്കെണിയിലാവാറില്ല എന്ന് മനസിലാക്കിയ കെ. സുരേഷ് കുറുപ്പിന്, അതിനാൽ കേരളവും കടക്കെണിയിൽ വീഴില്ലെന്നുറപ്പുണ്ട്. ഭരണത്തുടർച്ചയെന്നു പറഞ്ഞ് നടക്കുന്ന മന്ത്രിമാരിൽ ടി.എ. അഹമ്മദ് കബീർ ഒരു ട്രമ്പത്തരം ദർശിക്കുന്നു. വമ്പത്തരത്തിനും മണ്ടത്തരത്തിനുമിടയ്ക്കുള്ള ഒന്നാണത്രെ അത്. ഇത്രയും വലിയൊരു കാവ്യഹൃദയം ധനമന്ത്രിയിൽ ഉറങ്ങിക്കിടപ്പുണ്ടെന്ന് ഈ ബഡ്ജറ്റ് പ്രസംഗം കേട്ടപ്പോഴാണ് സി. ദിവാകരന് ബോദ്ധ്യമായത്. ഐസക്കിനകത്തും ഒരു കലാകാരനുണ്ടാവണമല്ലോ!