chandrasekharan

തിരുവനന്തപുരം: മൺറോത്തുരുത്തിൽ വേലിയേറ്രം കാരണം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന എഴുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും ഇതിനുള്ള സ്ഥലം ഉടൻ കണ്ടെത്തുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു.

ഒക്ടോബർ മുതൽ മേയ് വരെ മൺറോത്തുരുത്തിൽ വേലിയേറ്രം ശക്തമാണ്. സാംക്രമികരോഗ ഭീതിയുമുണ്ട്. ഇവരെ മാറ്റിപ്പാർപ്പിച്ച് ഭക്ഷണവും താമസവുമൊരുക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ തോടുകളുടെ ആഴം കൂട്ടി തീരസംരക്ഷണം നടത്തും. 804 ചെറിയ നീർച്ചാലുകളുടെ ആഴം കൂട്ടും. ഇതിനായി മൂന്ന് കോടി രൂപയുടെ പദ്ധതി ജലസേചന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ അതോറിട്ടിയും റിപ്പോർട്ട് തയ്യാറാക്കും.

മത്സ്യ, ചെമ്മീൻ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ വികസന കമ്മിഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്നിട്ടുണ്ട്. വെള്ളക്കെട്ടൊഴിവാക്കാൻ ദീർഘകാല, ഹ്രസ്വകാല പദ്ധതി രൂപരേഖ തയ്യാറാക്കും. ദുരന്തനിവാരണ അതോറിട്ടി സാമൂഹ്യാധിഷ്ഠിത ദുരന്തനിവാരണ പദ്ധതി നടപ്പാക്കുകയാണെന്നും കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.