medi

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പുനരാരംഭിക്കാൻ മന്ത്രി കെ.കെ. ശൈലജ നിർദ്ദേശം നൽകി. ചികിത്സയ്ക്കുള്ള സജ്ജീകരണങ്ങൾ എത്രയുംവേഗം ഉറപ്പാക്കണമെന്നും മന്ത്രി

സൂപ്രണ്ടിനോട് നിർദ്ദേശിച്ചു.

ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിലച്ചിട്ട് ഒൻപത് മാസം പിന്നിട്ടു. കൊവിഡ് വ്യാപനമാണ് ഇതിന് കാരണമായി അധികൃതർ പറഞ്ഞിരുന്നത്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടും ശസ്ത്രക്രിയ പുനരാരംഭിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു രോഗികൾ. മസ്തിഷ്‌കമരണം സംഭവിച്ചതിലൂടെ ലഭിച്ച വൃക്ക പോലും സ്വീകരിക്കില്ലെന്ന് യൂറോളജി വിഭാഗം തലവനായ ഡോക്ടർ അറിയിച്ചതായും ആരോപണമുണ്ട്. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ തുടങ്ങണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അടക്കമുള്ളവർ നിർദേശിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല.

ഇതിനെതിരെ കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.


കാത്തിരിക്കുന്നവർ നിരവധി
സാമ്പത്തിക ശേഷി കുറഞ്ഞ രോഗികളാണ് മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കലിനായി ഊഴം കാത്ത് കഴിയുന്നത്. പലരും നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതുതന്നെ. ഇവർക്ക് വൻ തുക മുടക്കി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് മറ്റ് ശസ്ത്രക്രിയകൾ നടത്തുമ്പോഴും വൃക്കരോഗികളെ മാത്രം അധികൃതർ അവഗണിച്ചിരുന്നത്.