കോവളം: സംസ്ഥാനത്ത് ആദ്യമായി പാരാസെയിലിംഗിനുള്ള സൗകര്യം കോവത്ത് ഒരുക്കിയതോടെ വറുതിയിലായിരുന്ന തീരത്തിന് പുത്തൻ ഉണർവ്. ബോണ്ട് അഡ്വഞ്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിർവഹിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് സഞ്ചാരികൾ എത്താതായതോടെ കോവളത്തെ വിനോദ സഞ്ചാര മേഖല നിശ്ചലമായ അവസ്ഥയിലായിരുന്നു. നിയന്ത്രണങ്ങൾ നീക്കിയതോടെ സഞ്ചാരികൾ എത്തിത്തുടങ്ങിയെങ്കിലും മേഖലയെ ആശ്രയിച്ച് കഴിയുന്ന റിസോർട്ട് ഉടമകളുടെയും അനുബന്ധ തൊഴിലാളികളുടെയും അവസ്ഥയ്ക്ക് മാറ്റമുണ്ടായിരുന്നില്ല. ഫ്ളൈ കോവളം എന്ന പേരിൽ പാരാസെയിലിംഗ് സൗകര്യം ആരംഭിച്ചതോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
ബോണ്ട് സഫാരി കോവളം, സ്‌കൂബ ഡൈവിംഗ്, സ്‌നോർക്കെലിംഗ്, മറ്റ് ജലാധിഷ്ഠിത സാഹസിക പാക്കേജുകൾ എന്നിവ വർഷങ്ങളായി കോവളത്തുണ്ട്. എന്നാൽ പാരാസെയിലിംഗിനുള്ള സൗകര്യം ഒരുക്കുന്നത് ആദ്യമായാണ്. ലോകമെമ്പാടുമുള്ള സാഹസിക പ്രേമികൾക്ക് അതുല്യമായ വ്യോമ, ഭൗമ സാഹസിക അനുഭവങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് പാർട്ണർ ജാക്സൺ പീറ്റർ അറിയിച്ചു.
സൗകര്യങ്ങൾ ഇങ്ങനെ
ഗോവയിൽ നിർമ്മിച്ച വിഞ്ച് പാരാസെയിൽ ബോട്ടാണ് പാരാസെയിലിംഗിനായി ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരികളെ ഒരു ഫീഡർ ബോട്ട് ഉപയോഗിച്ച് ഇതിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ബോട്ടിൽ ഉപയോഗിച്ചിരിക്കുന്ന പാരാസെയിലുകൾ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ബോട്ടിന് ഏകദേശം 11 മീറ്റർ നീളവും 3 മീറ്റർ വീതിയുമുണ്ട്. ഏകദേശം 2.5 കോടി രൂപ ചെലവഴിച്ചാണ് കോവളത്ത് ഈ പാരാസെയിലിംഗ് പദ്ധതി ആരംഭിച്ചത്.
മുന്നേറാം ഇനിയുമേറെ...
എല്ലാ ജില്ലകളിലും പാരാസെയിലിംഗ് അവതരിപ്പിക്കാനും എല്ലാ വർഷവും ഒക്ടോബർ മുതൽ മേയ് വരെ കോവളത്ത് പാരാസെയിലിംഗ് നടത്താനും ബോണ്ട് അഡ്വഞ്ചേഴ്സ് പദ്ധതിയിടുന്നു. ഒരു പരാസെയിലിൽ ഒരു സമയം രണ്ട് പേർക്ക് പറക്കാൻ കഴിയും.ഇത്തരം പ്രവർത്തനങ്ങളിലൂടെ കൂടുതൽ സഞ്ചാരികളെ കോവളത്തേക്ക് ആരംഭിക്കാനാകുമെന്നാണ് സഞ്ചാരികളുടെ പ്രതീക്ഷ.