നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സിയുടെ മൂന്നാമത്തെ ബോണ്ട് സർവീസിന് നെയ്യാറ്റിൻകരയിൽ തുടക്കമായി. 2020 ജൂലായ് 20നാണ് എം.ഡി ബിജു പ്രഭാകറിന്റെ സാന്നിദ്ധ്യത്തിൽ സംസ്ഥാനത്തെ ആദ്യ ബോണ്ട് സർവീസ് നെയ്യാറ്റിൻകരയിൽ ആരംഭിച്ചത്.
സ്ഥിരം യാത്രക്കാർക്കായി യാത്രാകാർഡുകൾക്ക് പുറമേ, ബസിൽ സംഗീത വിരുന്നും ക്രമീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലേക്കുള്ള ഡിമാന്റ് പരിഗണിച്ച് നവംബറിൽ രണ്ടാമത്തെ ബോണ്ട് സർവീസ് തുടങ്ങി. രണ്ട് ബോണ്ടിലും ടിക്കറ്റുകൾ പൂർത്തിയായതിനെ തുടർന്നാണ് കരമന, ജഗതി, വഴുതക്കാട്, മാനവീയം വീഥി, മ്യൂസിയം വഴി വികാസ് ഭവനിലേക്ക് രാവിലെ 8.50 ന് മൂന്നാമത്തെ ബോണ്ട് തുടങ്ങിയത്. ഡിപ്പോയിൽ നിന്നുള്ള മൂന്നാമത്തെ ബോണ്ട് സർവീസിന്റെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ പി.കെ. രാജമോഹൻ നിർവഹിച്ചു.
എ.ടി.ഒ മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ അമ്മിണി ടീച്ചർ, ഡിപ്പോ എൻജിനിയർ സലിംകുമാർ, ബോണ്ട് സ്പെഷ്യൽ ഓഫീസർ സുശീലൻ മണവാരി, ജനറൽ സി.ഐ സതീഷ് കുമാർ, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ ഡി. സാംകുട്ടി, സൂപ്രണ്ട് വാമദേവൻ ആശാരി, നൗഷാദ് ഖാൻ ,വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എൻ.കെ. രഞ്ജിത്ത്, എസ്.ജി. രാജേഷ്, കെ.എസ്. ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു. പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്, വനം വകുപ്പ് ആസ്ഥാനം, പബ്ലിക് ഓഫീസ്, കോർപ്പറേഷൻ ഓഫീസ്, മ്യൂസിയം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ബോണ്ട് 3 ൽ സൗകര്യപ്രദമായി യാത്ര ചെയ്യാം. ഫോൺ: 9400978103 9995707131.