
തിരുവനന്തപുരം: കാസർകോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമനെ നിയമസഭയിൽ ന്യായീകരിച്ച് മുഖ്യമന്ത്റി പിണറായി വിജയൻ. ഭീഷണിപ്പെടുത്തുന്ന പ്രകൃതമോ സ്വരമോ ഉള്ള ആളല്ല കുഞ്ഞിരാമനെന്നു പറഞ്ഞ മുഖ്യമന്ത്റി, വടക്കൻ കേരളത്തിൽ ശരിയായ വോട്ടാണ് നടക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
പ്രിസൈഡിംഗ് ഓഫീസർ ഡോ. കെ.എം. ശ്രീകുമാറിന്റെ കൈയും കാലും വെട്ടുമെന്നു ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ അടിയന്തര പ്രമേയ അവതരണത്തിന് എൻ.എ. നെല്ലിക്കുന്നാണ് നോട്ടീസ് നൽകിയത്. നോട്ടീസ് തള്ളിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ആദ്യ സബ്മിഷനായി ഉൾപ്പെടുത്താമെന്ന് അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭാവത്തിൽ കെ.സി. ജോസഫും എം.കെ. മുനീറും മറുപടി പറയാൻ തുടങ്ങിയെങ്കിലും എസ്.ശർമയെ ശ്രദ്ധക്ഷണിക്കലിന് വിളിച്ചു. വി.ടി.ബൽറാമിന്റെ നേതൃത്വത്തിൽ യുവ എം.എൽ.എമാർ സ്പീക്കർക്കെതിരേ മുദ്റാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. സഭാനടപടികൾ തുടർന്നതോടെ വാക്കൗട്ട് നടത്തുന്നതായി കെ.സി. ജോസഫ് അറിയിച്ചു.
പിന്നീട് ആദ്യ സബ്മിഷനായി പരിഗണിച്ചപ്പോൾ,പരാതി ഉന്നയിച്ച പ്രിസൈഡിംഗ് ഓഫീസറുടെ നടപടിയെ മുഖ്യമന്ത്റി തള്ളി. തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നത് ഒന്നാം പോളിംഗ് ഓഫീസറാണെന്നും ഇത് പ്രിസൈഡിംഗ് ഓഫീസറുടെ ചുമതല അല്ലെന്നും അദ്ദേഹം പറഞ്ഞു.
കളക്ടർ പ്രിസൈഡിംഗ് ഓഫീസറുടെ ഭാഗം കേൾക്കാൻ അറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചുവരികയാണ്. പൊലീസിന് പരാതി ലഭിച്ചിട്ടില്ലെങ്കിലും പ്രാഥമിക അന്വേഷണത്തിന് കാസർകോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്റി പറഞ്ഞു.
ആക്ഷേപിച്ചിട്ടില്ല:
കെ.കുഞ്ഞിരാമൻ
ആരെയും ആക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് കെ. കുഞ്ഞിരാമൻ പറഞ്ഞു. തിരിച്ചറിയൽ രേഖകൾ പ്രിസൈഡിംഗ് ഓഫീസർ പരിശോധിക്കുന്നതു കണ്ടു. സാർ കസേരയിൽ പോയിരുന്നു സാറിന്റെ ജോലി ചെയ്യാൻ മാത്രമാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയെന്നും കുഞ്ഞിരാമൻ പറഞ്ഞു.
കുഡുംബി സമുദായത്തെ പട്ടികവിഭാഗത്തിൽ ഉൾപ്പെടുത്താൻ ശുപാർശ നൽകും- മന്ത്രി
തിരുവനന്തപുരം: കുഡുംബി സമുദായത്തെ പട്ടികവിഭാഗത്തിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് കിർത്താഡ്സ് പഠനം നടത്തുകയാണെന്നും രണ്ടുമാസത്തിനകം റിപ്പോർട്ട് ലഭ്യമാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. റിപ്പോർട്ട് കേന്ദ്രത്തിലേക്ക് അയയ്ക്കും. 1978ലും 1982ലും കുഡുംബി സമുദായത്തെ പട്ടികവിഭാഗത്തിൽ ഉൾപ്പെടുത്താൻ ശുപാർശ നൽകിയെങ്കിലും കേന്ദ്രം വിശദീകരണം തേടി. അന്ന് കിർത്താഡ്സ് പ്രതികൂല റിപ്പോർട്ടാണ് നൽകിയത്. 2014ൽ വീണ്ടും ശുപാർശ നൽകിയപ്പോൾ 2017ൽ കേന്ദ്രം വിശദീകരണം ആരാഞ്ഞെന്നും വി.ഡി സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും: മന്ത്രി
തിരുവനന്തപുരം: സ്കോൾ കേരളയിൽ പത്തു വർഷം സേവനം പൂർത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നടപടി തുടങ്ങിയെന്ന് മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു. ഹൈക്കോടതിയിലെ ഹർജികളിലെ തീർപ്പിന് വിധേയമായിട്ടായിരിക്കും നിയമനം. എല്ലാ ജില്ലകളിലും പ്രാദേശിക സേവന കേന്ദ്രങ്ങൾ ആരംഭിച്ചതിനെത്തുടർന്നാണ് മലപ്പുറത്തെ മേഖലാ കേന്ദ്രത്തിലെ ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റിയതെന്നും ടി.വി. ഇബ്രാഹിമിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
സർക്കാർ അപേക്ഷാ ഫോറങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗവും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളിലും ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളിൽ സ്ത്രീ/പുരുഷൻ/ട്രാൻസ്ജെൻഡർ/ട്രാൻസ് സ്ത്രീ/ട്രാൻസ് പുരുഷൻ എന്നിങ്ങനെ കൂട്ടിച്ചേർത്ത് പരിഷ്ക്കരിക്കാൻ ഉത്തരവിട്ടതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ട്രാൻജെൻഡർ വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി. 2019ലെ ട്രാൻസ്ജെൻഡർ പേഴ്സൺസ് പ്രൊട്ടക്ഷൻ ഒഫ് റൈറ്റ് ആക്ട് പ്രകാരം ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഐഡന്റിറ്റിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നതിനാൽ ഈ വിഭാഗത്തെ കൂടി അപേക്ഷാഫോറത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമായിരിക്കും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.