window

തിരുവനന്തപുരം: 'ഓപ്പറേഷൻ സ്ക്രീൻ" പരിശോധനയുടെ ഭാഗമായി മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വാഹനങ്ങളിലെ കർട്ടൻ മാറ്റാൻ മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. മന്ത്രിമാരുടെ വാഹനം കൈകാര്യം ചെയ്യുന്ന ടൂറിസം വകുപ്പിന് ട്രാൻസ്‌പോർട്ട് കമ്മിഷണർ കത്ത് നൽകി. സാധാരണക്കാരിൽ നിന്ന് പിഴയിടുമ്പോൾ മന്ത്രിമാ‌‌ർക്കും എം.എൽ.എമാർക്കും ഇത് ബാധകമല്ലേയെന്ന ചോദ്യവും ആക്ഷേപവും ഉയ‌ർന്നതിനെ തുടർന്നാണ് കത്ത് നൽകിയത്. മുഖ്യമന്ത്രിയുടേയും ഇസഡ് കാറ്റഗറി സുരക്ഷയുള്ളവ‌ർ‌ക്കുമാണ് നിലവിൽ ഇളവുള്ളത്.

ഇന്നലെ നിയമസഭാസമ്മേളനത്തിയ ചില മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വാഹനങ്ങളിൽ കർട്ടനുകളും കൂളിംഗ് ഫിലിമും കണ്ടത് വിവാദവുമായി. പരിശോധന എല്ലാർക്കും ബാധകമാണെന്നും ആരെയും ഒഴിവാക്കാൻ സാധിക്കില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.

 തലസ്ഥാനത്ത് 104 കേസുകൾ

ഇന്നലെ 104 കേസുകളാണ് തലസ്ഥാനത്ത് പിടികൂടിയത്. കർട്ടനിട്ടതിനെത്തുടർന്നാണ് കൂടുതലും പിഴ ചുമത്തിയത്. ജില്ലയിലെ ഭൂരിഭാഗം കേസും നഗരത്തിലാണ് റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ഭാഗത്തേക്കും പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

'നിയമം എല്ലാവർക്കും ഒരുപോലെയാണ്. ജനപ്രതിനിധികളുടെ വണ്ടികളിലും ഇത്തരത്തിൽ കണ്ടെത്തിയാൽ ഫോട്ടോയെടുത്ത് ടൂറിസം വകുപ്പിന് പിഴയോടു കൂടി നൽകും".

- രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാൻസ്‌പോർ‌ട്ട് കമ്മിഷണർ