തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലും ഓൺലൈൻ ക്ലാസ് ഉൾപ്പെടെ സജീവമായി നടക്കുന്ന സാഹചര്യത്തിൽ സിലബസ് വെട്ടിച്ചുരുക്കുന്നത് കുട്ടികളോടുള്ള അനീതിയാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു.
അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് പത്ത്, പ്ലസ്ടു ക്ലാസുകളിലെ സിലബസ് വെട്ടിച്ചുരുക്കില്ലെന്ന് മന്ത്രി വീണ്ടും വ്യക്തമാക്കിയത്. സിലബസ് ചുരുക്കിയാൽ ഒഴിവാക്കുന്ന മേഖലയെക്കുറിച്ച് വിദ്യാർത്ഥികൾ അറിയാതെപോകും. നിലവിൽ ഒരു കുട്ടിക്കും അക്കാഡമിക് പ്രശ്‌നങ്ങൾ ഉണ്ടാകില്ല. ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകൾ നിശ്ചയിച്ച പ്രകാരം മാർച്ച് 17 മുതൽ 30വരെ നടക്കും.അഭിരുചിക്കും താത്പര്യത്തിനും അനുസരിച്ച് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാം. ചോദ്യമാതൃകയും ഉടൻ പ്രസിദ്ധീകരിക്കും. എന്ത് പഠിക്കുന്നുവെന്നതിനെക്കാൾ എങ്ങനെ പഠിക്കുന്നുവെന്നതിനാണ് പ്രാധാന്യം. കുട്ടികളെ പരീക്ഷിക്കുകയല്ല മറിച്ച് അവരെ അറിയുക എന്നതാണ് പ്രധാനം. മോഡൽ പരീക്ഷയും ഉണ്ടാവും.