ആറ്റിങ്ങൽ: ആവർത്തിച്ച് പ്രഖ്യാപിക്കുന്ന ആറ്രിങ്ങൽ കൊട്ടാരം നവീകരണം നീളുന്നതോടെ പ്രതിഷേധം ശക്തം. കഴിഞ്ഞ ബഡ്ജറ്റിലും കൊട്ടാരം നവീകരണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ഇതുവരെയും ഒന്നും നടപ്പായില്ല. തിരുവിതാംകൂറിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കൊട്ടാരത്തിന്റെ ഇന്നത്തെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. തിരുവിതാംകൂറിന്റെ അമ്മ വീടെന്ന് വിശേഷിപ്പിക്കുന്ന ഈ ചരിത്ര സ്മാരകത്തിന്റെ മണ്ഡപക്കെട്ട് പൊളിഞ്ഞുവീഴാവുന്ന അവസ്ഥയിലായി. പല സ്ഥലങ്ങളിലും ചോർച്ചയും രൂക്ഷമായി. ഇതുകാരണം കഴുക്കോലുകളും ഉത്തരങ്ങളും ദ്രവിച്ച് മേൽക്കൂരയും തകർന്നു.
ഒരു ഭാഗമാകട്ടെ പൊളിഞ്ഞുതൂങ്ങിയ അവസ്ഥയിലാണ്. അടിയന്തരമായി നവീകരണം നടത്തിയില്ലെങ്കിൽ മറ്രുള്ള ഭാഗവും നിലപൊത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. ആറ്റിങ്ങൽ കൊട്ടാരം സംരക്ഷിച്ച് പൈതൃക മ്യൂസിയം സ്ഥാപിക്കുമെന്നായിരുന്നു കഴിഞ്ഞ ബഡ്ജറ്റിൽ പറഞ്ഞിരുന്നത്. അതിനായി 3 കോടി രൂപയാണ് വകയിരുത്തിയത്. 2021 ഏപ്രിൽ 14ന് ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികം പ്രമാണിച്ച് പദ്ധതി പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. കൊട്ടാരം സംരക്ഷിച്ച് പൈതൃക മ്യൂസിയം സ്ഥാപിക്കാനുള്ള ചുമതല പുരാവസ്തു വകുപ്പിനാണ്. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും നടപടികൾ ഒന്നും ആരംഭിച്ചിട്ടില്ല.
കാര്യങ്ങൾ ഇത്രമാത്രം
അടുത്ത ബഡ്‌ജറ്റും അവതരിപ്പിച്ചെങ്കിലും യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും കൊട്ടാരത്തിൽ നടത്തിയിട്ടില്ല. നവീകരണ ഉദ്ഘാടനം പോലും ഇനിവേണം നടത്താൻ. കൊട്ടാരം സംരക്ഷണ നടപടികൾക്കുള്ള പദ്ധതി രേഖ കഴിഞ്ഞ ജൂണിൽ തയ്യാറാക്കിയിരുന്നു. എന്നാൽ പിന്നീട് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.
ആറ്റിങ്ങൽ കൊട്ടാരം
700 വർഷത്തിലധികം പഴക്കമുള്ളതാണ് ആറ്റിങ്ങൽ കൊട്ടാരം. എ.ഡി 1305 ൽ കോലത്തുനാട്ടിൽ നിന്ന് വേണാട്ടിലേക്ക് ദത്തെടുത്ത രാജകുമാരിമാർക്ക് താമസിക്കാനാണ് ആറ്റിങ്ങൽ കൊട്ടാരം നിർമ്മിച്ചതെന്നാണ് രേഖകളിൽ പറയുന്നത്. കേരളീയ വാസ്തുകലയുടെ ഉത്തമ ഉദാഹരണമാണ് ഈ സൗധം. കരിങ്കല്ലും മരവും ഓടും കൊണ്ട് എട്ടുകെട്ടിന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.