sivagiri-bhoomipooja

ശിവഗിരി: കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി പ്രകാരം നടപ്പാക്കുന്ന ശിവഗിരി തീർത്ഥാടന സർക്യൂട്ടിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിൽ ഭൂമിപൂജ നടന്നു. സന്യാസി ശ്രേഷ്ഠരുടെ പ്രാർത്ഥനയോടെ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി മഹേശ്വരാനന്ദ സരസ്വതി, നഗരസഭ ചെയർമാൻ കെ.എം.ലാജി, ഐ.ടി.ഡി.സി ഡയറക്ടർ പത്മകുമാർ, ഐ.ടി.ഡി.സി എൻജിനീയർ പ്രവീൺ, വിദേശകാര്യ സഹമന്ത്റാലയത്തിലെ മഹേഷ്ചന്ദ്രൻ, ശിവഗിരിമഠം എൻജിനീയർ കെ.ബി.സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 70 കോടിയോളം രൂപയാണ് മൊത്തം നിർമ്മാണചെലവ്. ശിവഗിരിമഠത്തിൽ മാത്രം 41.02 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് തുടങ്ങുന്നത്. ശേഷിക്കുന്ന തുക അരുവിപ്പുറം, കുന്നുംപാറ, ചെമ്പഴന്തി എന്നീ പുണ്യസങ്കേതങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഐ.ടി.ഡി.സി നേരിട്ടാണ് നടത്തുന്നത്. ശിവഗിരി മഠത്തിലേക്കുളള പ്രധാന പ്രവേശന കവാടം, ഫെസിലിറ്രേഷൻ സെന്റർ, ഇലക്ട്രിക് പ്ലാസ, പത്തോളം റെയിൻ ഷെൽട്ടറുകൾ, അന്നദാന മണ്ഡപം, വാട്ടർ ക്വിയോസ്കുകൾ, ആഡിയോ വിഷ്വൽഹാൾ, ക്രാഫ്റ്റ് ബസാർ, പാർക്കിംഗ് ഗ്രൗണ്ട്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനം, മഴവെളളസംഭരണി, സോളാർ വിളക്കുകൾ, ടോയ്ലറ്റ് ബ്ലോക്ക്, ബസ് ഷെൽട്ടർ തുടങ്ങിയവയാണ് ശിവഗിരിമഠത്തിൽ നിർമ്മിക്കുന്നത്.