തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വച്ചതോടെ സംസ്ഥാന സർക്കാരിന്റെയും ധനമന്ത്രിയുടെയും ഭരണഘടനാവിരുദ്ധമായ സമീപനം വ്യക്തമായയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കള്ളക്കളി മറയ്ക്കാൻ ഒരു മുഴം മുമ്പേ റിപ്പോർട്ട് ചോർത്തിയ ധനമന്ത്രി തോമസ് ഐസക്കിന് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ല. റിപ്പോർട്ട് ചോർത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. കിഫ്ബി വഴിയുള്ള വായ്പ എടുക്കൽ ഭരണഘടനാവിരുദ്ധമാണെന്ന സി.എ.ജിയുടെ കണ്ടെത്തിയത് ഐസക്കിന്റെ മുഖത്തേറ്റ പ്രഹരമാണ്. നികുതിപണം കൊള്ളയടിക്കാനുള്ള നീക്കം എതിർക്കുമെന്ന് മനസിലായതു കൊണ്ടാണ് സി.പി.എം സി.എ.ജിക്കെതിരെ പ്രചാരണം നടത്തിയത്. മസാലബോണ്ട് കേന്ദ്രസർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന റിപ്പോർട്ട് ഗൗരവതരമാണ്. മടിയിൽ കനമുള്ളതു കൊണ്ടാണ് പിണറായി സർക്കാർ ഓഡിറ്റിംഗിനെ ഭയക്കുന്നത്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലും ഓഡിറ്റിംഗ് ഒഴിവാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.