biju-prabhakar

തിരുവനന്തപുരം: പ്രതിസന്ധിയിൽ ഉഴലുന്ന കെ.എസ്.ആർ.ടി.സിയെ കരകയറ്റാൻ മാനേജ്മെന്റ് നിർദേശിച്ച കെ-സ്വിഫ്ട് കമ്പനിയുടെ രൂപീകരണത്തെ എതിർത്ത് സ്ഥാപനത്തിലെ സംഘടനകൾ. ഇതേത്തുടർന്ന് യൂണിയൻ നേതാക്കളും മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറും തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.

സ്വിഫ്റ്റ് രൂപീകരണത്തെ അംഗീകരിക്കില്ലെന്നും അതിശക്തമായി നേരിടുമെന്നും അംഗീകൃത ട്രേഡ് യൂണിയനുകളായ ടി.ഡി.എഫും ബി.എം.എസും നിലപാടെടുത്തപ്പോൾ, സി.എെ.ടി.യു മൗനം പാലിച്ചു. സ്വിഫ്റ്റ് രൂപീകരണവുമായി മുന്നോട്ട് പാേകുമെന്ന് ബിജു പ്രഭാകർ സൂചന നൽകി. യൂണിയനുകളുടെ വിയോജിപ്പ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

സ്വിഫ്റ്റ് രൂപീകരണം കെ.എസ്.ആർ.ടി.സിയുടെ അന്ത്യം കുറിക്കുമെന്ന് ടി.ഡി.എഫ് നേതാക്കൾ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ വസ്തുക്കൾ പാട്ടത്തിന് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എറണാകുളം,കായംകുളം ഡിപ്പോകളിലെ സ്ഥലം പാട്ടത്തിനു കൊടുക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കുമെന്ന് സി.എം.ഡി പറഞ്ഞു.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കരുതെന്നും കൂട്ട സ്ഥലംമാറ്റം ഒഴിവാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മാനദണ്ഡമനുസരിച്ച് പൊതുസ്ഥലം മാറ്റം നടത്താമെന്ന് സി.എം.ഡി ഉറപ്പ് നൽകി.

സാമ്പത്തിക സ്ഥിതി മോശമായതിനാൽ ശമ്പളപരിഷ്കരണവും ആശ്രിത നിയമനവും നടത്താനാവില്ലെന്ന് ബിജുപ്രഭാകർ പറഞ്ഞു. 405 കുടുംബങ്ങൾ ആശ്രിതനിയമനം കാത്ത് കഴിയുകയാണെന്നും ഇവർ പട്ടിണിയിലാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് പിടിച്ച ശമ്പളം തിരിച്ച് നൽകണമെന്നും നേതാക്കൾ പറഞ്ഞു. സർക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കാമെന്ന് സി.എം.ഡി വ്യക്തമാക്കി. വിശദ പരിശോധന നടത്താതെ സി.എൻ.ജി ഇന്ധനം ‌ഏർപ്പെടുത്തരുതെന്നും ഗുണകരമെന്ന് തെളിഞ്ഞാൽ അംഗീകരിക്കാൻ തയ്യാറാണെന്നും നേതാക്കൾ പറഞ്ഞു.

സി.കെ.ഹരികൃഷ്ണൻ, ഗോപാലകൃഷ്ണൻ (സി.എെ.ടി.യു), ആർ.ശശിധരൻ, കെ.ഗോപാലകൃഷ്ണൻ (ടി.ഡി.എഫ്), കെ.എൻ.രാജേഷ് (ബി.എം.എസ്) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.