dog

വിതുര: തൊളിക്കോട് പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. നായ്‌ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടും അധികൃതർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തെരുവ് നായ്ക്കളിൽ പലതിനും പേവിഷ ബാധയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ തൊളിക്കോട് പഞ്ചായത്തിൽ വൃദ്ധനും രണ്ട് പിഞ്ചുകുട്ടികൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പൊന്മുടി - തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രധാനപ്പെട്ട ജംഗ്ഷനായ തൊളിക്കോട്, വിതുര ജംഗ്ഷനുകളിൽ പകൽ സമയത്തുപോലും തെരുവ് നായ്‌ക്കളുടെ ശല്യമുണ്ട്. രാത്രിയിൽ ബസിലെത്തുന്ന നിരവധി പേരെ ഇവ ആക്രമിച്ചിട്ടുണ്ട്. വന്ധ്യംകരണം നടത്തുന്നതിനായി തൊളിക്കോട് നിന്നും നായ്ക്കളെ പിടികൂടി കൊണ്ടുപോകാറുണ്ട്. എന്നാൽ കൊണ്ടുപോകുന്നതിന്റെ ഇരട്ടിയിലേറെ നായ്‌ക്കളെ തിരിച്ചെത്തിക്കുന്നെന്നാണ് പരാതി. വ്യാപാരികൾ പരാതി നൽകിയെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.

തൊളിക്കോട് പഞ്ചായത്തിലെ തൊളിക്കോട്, മാങ്കോട്ടുകോണം, പതിനെട്ടാംകല്ല്, മന്നൂർക്കോണം, തുരുത്തി ചെറുവക്കോണം, പറണ്ടോട് തേവൻപാറ, ഭദ്രംവച്ചപാറ, നാഗര, പുളിച്ചാമല, പരപ്പാറ, ചായം, തോട്ടുമുക്ക് മേമല, പുളിമൂട് മേഖലകളിൽ തെരുവ്നായ്‌ക്കൾ ആടുകളെയും കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

11 പേരെ പേപ്പട്ടി കടിച്ചു

തൊളിക്കോട് പഞ്ചായത്തിൽ ഞായറാഴ്ച വൈകിട്ട് ഭീതി പരത്തി വിഹരിച്ച പേപ്പട്ടി രണ്ട് കുട്ടികളടക്കം 11 പേരെ കടിച്ച് പരിക്കേൽപ്പിച്ചു. തൊളിക്കോട് ഹൈസ്കൂൾ ജംഗ്ഷൻ, മാങ്കോട്ടുകോണം, ലക്ഷംവീട് കോളനി, ചെറുവക്കോണം, മുക്കുവൻതോട് മേഖലകളിൽ താമസിക്കുന്നവരെയാണ് പേപ്പട്ടി കടിച്ചത്. തൊളിക്കോട് ഹൈസ്കൂളിൽ ജംഗ്ഷനിൽ കട നടത്തിയിരുന്ന ബദറുദ്ദീനെ കടക്കകത്ത് കയറി മുഖത്തും, ദേഹത്തും മാരകമായി കടിച്ചു. ഗുരുതഗമായി പരിക്കേറ്റ ബദറുദ്ദീൻ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇതു കൂടാതെ തൊളിക്കോട് സ്വദേശികളായ 10 പേർക്ക് കൂടി പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. രണ്ട് മണിക്കൂറോളം നായ ഭീതി പരത്തി ഒാടി. ഇതിനിടയിൽ പശുക്കളെയും ആടുകളെയും കടിക്കുകയും കോഴികളെ കൊല്ലുകയും ചെയ്തു. നായയുടെ ആക്രമണം ഭയന്ന് പലരും വീട് അടച്ച് മണിക്കൂറുകളോളം അകത്തിരുന്നു. ഒടുവിൽ യുവാക്കൾ പേപ്പട്ടിയെ വകവരുത്തി. തൊളിക്കോട് പഞ്ചായത്തിൽ മുൻപും സമാനമായ സംഭവം അരങ്ങേറിയിട്ടുണ്ട്. അന്ന് ആറ് നായ്ക്കൾ വീടിനുള്ളിൽ കയറി നാല് പേരെ കടിച്ച് പരിക്കേൽപ്പിച്ചു.

മാലിന്യം തിന്ന് പെറ്റ് പെരുകുന്നു

വിതുര-നെടുമങ്ങാട് റോഡിൽ മിക്ക ഭാഗത്ത് മാലിന്യം വലിച്ചെറിയുന്നത് പതിവാണ്. ഇറച്ചി വില്പനശാലകളിൽ നിന്നുള്ള മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്‌ക്കൾ റോഡിലൂടെ പോകുന്നവരെ കൂട്ടത്തോടെ ആക്രമിക്കുകയാണ്. മാലിന്യം തിന്ന് നായ്ക്കൾ പെറ്റ് പെരുകിയിരിക്കുകയാണ്.