satheesan

തിരുവനന്തപുരം: കിഫ്ബിക്കെതിരായ പരാമർശങ്ങളടങ്ങിയ സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ധനമന്ത്രി ചോർത്തിയത് ഭരണഘടനാലംഘനമെന്ന് കോൺഗ്രസ് അംഗം വി.ഡി. സതീശൻ. ഇന്നലെ റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പായി സതീശൻ ഇതുസംബന്ധിച്ച് ഉന്നയിച്ച ക്രമപ്രശ്നം മന്ത്രി ഐസക്കും സതീശനും തമ്മിൽ വാക്പോരിനിടയാക്കി.

ഗവർണർക്ക് വേണ്ടി സി.എ.ജി റിപ്പോർട്ട് സഭയിൽ സമർപ്പിക്കേണ്ട ധനമന്ത്രി അതിലെ ഉള്ളടക്കം പത്രസമ്മേളനത്തിലൂടെ ചോർത്തിയത് സഭയുടെ അവകാശത്തിന്റെ ലംഘനമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിനൊപ്പം മന്ത്രിയുടെ വിശദീകരണക്കുറിപ്പ് വച്ചതും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്. എന്നാൽ, റിപ്പോർട്ട് തയാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച സി.എ.ജിയാണ് സഭയോട് അനാദരവ് കാട്ടിയതെന്നും, ഗവർണറുടെ അനുവാദത്തോടെയാണ് വിശദീകരണക്കുറിപ്പ് സമർപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സി.എ.ജി റിപ്പോർട്ടിനൊപ്പം ധനമന്ത്രിയുടെ പ്രസ്താവനയ്ക്കെന്താണ് പ്രസക്തിയെന്ന് സതീശൻ ചോദിച്ചു. സി.എ.ജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കെത്തുമ്പോൾ ഉള്ളടക്കത്തെക്കുറിച്ചടക്കം ആക്ഷേപങ്ങളുന്നയിക്കാൻ സർക്കാരിനാകും. ഇനിയങ്ങോട്ട് എല്ലാ മന്ത്രിമാരും തങ്ങൾക്ക് ഇത്തരത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാൽ അംഗീകരിക്കേണ്ടി വരും. ഭരണഘടനയുടെ വ്യവസ്ഥയിൽ വെള്ളം ചേർക്കാൻ ആർക്കും അവകാശമില്ല. കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പ് റിപ്പോർട്ട് ചോർത്തിയത്, ധനവകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനത്തെ വിമർശിച്ചതിനാണെന്നും സതീശൻ കുറ്റപ്പെടുത്തി.

റിപ്പോർട്ട് തയാറാക്കുന്നതിന് മുമ്പ് സർക്കാരിനോട് വിശദീകരണം തേടണമെന്ന മാർഗ്ഗനിർദ്ദേശം സി.എ.ജി പാലിച്ചില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കരട് റിപ്പോർട്ടിലില്ലാത്തത് അന്തിമറിപ്പോർട്ടിൽ എഴുതിച്ചേർത്തു. ഗവർണർക്ക് ഇതുസംബന്ധിച്ച് താൻ കുറിപ്പ് കൊടുത്തിരുന്നു. തന്റെ വിശദീകരണം സഹിതം സഭയിൽ വയ്ക്കാൻ ഗവർണർ അനുവദിച്ചു . കരട് റിപ്പോർട്ടിലില്ലാത്തത് സർക്കാരിനെ അറിയിക്കാതെ എഴുതിച്ചേർത്തതിനെയാണ് എതിർക്കുന്നത് .ഇത് സഭയോടുള്ള അനാദരവാണെന്നും മന്ത്രി പറഞ്ഞു.സഭയിൽ മുമ്പില്ലാത്ത അനുഭവമാണെങ്കിലും, ഗവർണറുടെ അനുമതിയോടെയാണ് മന്ത്രി വിശദീകരണക്കുറിപ്പ് സമർപ്പിച്ചതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.