aruvippuram

₹തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ അരുവിപ്പുറം മഠം ആദരിച്ചു
അരുവിപ്പുറം:കേരള സംസ്കാരത്തിന് അടിത്തറ പാകിയ ശ്രീനാരായണ ഗുരുദേവനെയും ഗുരു നൽകിയ സംഭാവനകളെയും മറന്ന് കേരള സമൂഹത്തിന് മുന്നോട്ട് പോകാനാവില്ലെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് അരുവിപ്പുറം മഠത്തിന്റെ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ തപോഭൂമിയും കർമ്മ ഭൂമിയുമായ അരുവിപ്പുറത്ത് നിന്നാണ് സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സമുദ്ധരിക്കാൻ ഗുരുദേവൻ തുടക്കം കുറിച്ചത്. നമ്മെ ഇന്നത്തെ നാമാക്കിയതും ഗുരുവാണ്. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ അരുവിപ്പുറത്ത് നിന്നും ഗുരു വിശ്വമാകെ വെളിച്ചം കാട്ടുകയായിരുന്നു. സമൂഹത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അശരണരും ആലംബഹീനരുമായ സാധാരണക്കാരെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാൻ പുതിയ ജനപ്രതിനിധികൾ തയ്യാറാവണമെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.
അരുവിപ്പുറം ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ സ്വാമി സാന്ദ്രാനന്ദ ജനപ്രതിനിധികളെ പൊന്നാടയണിയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ,അംഗം വി.എസ്.ബിനു, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹൻ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലാൽ കൃഷ്ണ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ, അരുവിപ്പുറം പ്രതിഷ്ഠ ദേശീയ പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ്, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ,
വൈസ് പ്രസിഡന്റ് എസ്.ബിന്ദു,മുനിസിപ്പൽ കൗൺസിലർമാരായ കരോളിൻ ജോർജ്,ഗോപകുമാർ പെരുമ്പഴുതൂർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.പി.ഷീലകുമാരി, രജിത് ഊരൂട്ടമ്പലം ,ഗ്രാമപഞ്ചായത്തംഗങ്ങളായ സുജിത് അരുവിപ്പുറം, എസ്.എസ്.ശ്രീരാഗ് തത്തമല,സചിത്ര അയിരൂർ, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് ആവണി ശ്രീകണ്ഠൻ, അജി അരുവിപ്പുറം എന്നിവർ സംസാരിച്ചു.