c-divakaran

തിരുവനന്തപുരം: രാഷ്ട്രത്തിന്റെ സമ്പത്തായ ഭാവി തലമുറയോടാണ് ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ പുതിയ ബഡ്ജറ്റിലൂടെ സംവദിക്കുന്നതെന്ന് സി.പി.ഐ നേതാവ് സി. ദിവാകരൻ നിയമസഭയിൽ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുക്കവേ പറഞ്ഞു.

ഈ ബഡ്ജറ്റിനെ താൻ ന്യൂജെൻ ബഡ്ജറ്റ് എന്ന് വിശേഷിപ്പിക്കാനാഗ്രഹിക്കുന്നു. പാവപ്പെട്ടവന്റെ സാമ്പത്തികശാസ്ത്രമാണ് മാർക്സ് മുന്നോട്ടുവച്ചത്. ബഡ്ജറ്റ് ചെലവിൽ കമ്മി കൂടിയോ എന്നതല്ല സാധാരണക്കാരന്റെ പ്രശ്നം. സ്വന്തം അടുപ്പിൽ തീ പുകയുന്നുണ്ടോയെന്നതും സ്വന്തം കുട്ടി പഠിക്കുന്ന സ്കൂൾ നന്നാവുന്നതും സഞ്ചരിക്കുന്ന റോഡ് നന്നാവുന്നതുമൊക്കെയാണ് അവർ നോക്കുക. ഈ സർക്കാരിന്റെ സാമ്പത്തികസമീപനവും സാധാരണക്കാരെ കണ്ടുള്ളതാണ്. പാവപ്പെട്ടവരോടുള്ള കരുതലിൽ എവിടെയാണ് കുഴപ്പം കണ്ടെത്താനാവുക?

ഈ ബഡ്ജറ്റ് ജനവിരുദ്ധമല്ല. പ്രതിപക്ഷ അംഗങ്ങൾ പ്രസംഗിക്കുമ്പോൾ കേന്ദ്രത്തിൽ മോദിസർക്കാരിന്റെ സമീപനത്തിനെതിരെ ഒരക്ഷരം പറയുന്നില്ല. കൊവിഡിനെ കേരളം എങ്ങനെ പ്രതിരോധിക്കുന്നുവെന്നറിയാൻ വി.എം. സുധീരനോട് ചോദിച്ചാൽ മതി. സ്വർണക്കടത്തും എൽ.ഡി.എഫ് സർക്കാരും തമ്മിൽ ഒരു ബന്ധവുമില്ല. നരേന്ദ്രമോദിക്ക് പോലും അത് തെളിയിക്കാനാവുന്നില്ലെന്നും ദിവാകരൻ പറഞ്ഞു.