വർഷങ്ങളായി നഷ്ടത്തിൽ ഒാടുന്ന കെ.എസ്.ആർ.ടി.സിയെ കരകയറ്റാനുള്ള തീവ്രശ്രമത്തിലാണ് അതിന്റെ ഇപ്പോഴത്തെ സി.എം.ഡി ബിജുപ്രഭാകർ. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും ആർജ്ജവവും ആത്മാർത്ഥതയും ഫലം കാണുമെന്നുതന്നെ നമുക്ക് ആശിക്കാം. അവിടത്തെ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളും പെരുമാറ്റങ്ങളും മോശപ്പെട്ട തൊഴിൽ സംസ്കാരവും വർഷങ്ങളായി നിരീക്ഷിച്ചുവരുന്ന ഒരാളാണ് ഞാൻ. അവിടത്തെ തൊഴിൽ തർക്കങ്ങളിൽ ഇടപെട്ട് മദ്ധ്യസ്ഥം വഹിച്ചിട്ടുമുണ്ട്. സി.എം.ഡി ചൂണ്ടിക്കാണിച്ചതുപോലെ 'കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി" എന്ന മട്ടിലാണ് അവിടത്തെ ഭൂരിപക്ഷം തൊഴിലാളികളും സ്റ്റാഫും മറ്റും. ഇത് നമ്മുടെ കൂടി സ്ഥാപനമാണെന്നും നാടിന് വളരെ പ്രയോജനം ചെയ്യുന്നതാണെന്നും നമ്മുടെ ഭാവി അതിന്റെ വിജയത്തിൽ അധിഷ്ഠിതമാണെന്നുമുള്ള വിചാരം ഭൂരിപക്ഷത്തിനുമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇനിയെങ്കിലും കെ.എസ്.ആർ.ടി.സി നന്നാകണമെന്ന ഗവൺമെന്റിന്റെയും സി.എം.ഡിയുടെയും ഉദ്യമത്തിന് നല്ലവരായ എല്ലാ നാട്ടുകാരുടെയും പ്രത്യേകിച്ച് യുവജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം നിർവിഘ്‌നമുണ്ടാകണം.
ഇൗ യത്നം വിജയിച്ചാൽ എല്ലാവർക്കും അനുകരിക്കാൻ ഉപയുക്തമായ ഒരു പുതിയ മാനേജ്മെന്റ് ശാസ്ത്രത്തിന്റെ ഉത്‌ഭവമായിരിക്കും അത്.
എം. ശിവദാസ്
ചെയർമാൻ,
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് മാനേജ്മെന്റ്
തിരുവനന്തപുരം.