art

കൊച്ചി : കൊവിഡ് വ്യാപനത്തോടെ തൊഴിൽപരമായും സാമ്പത്തികമായും പ്രതിസന്ധിയിലായ കലാകാരന്മാർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാദ്ധ്യമ കമ്മിഷൻ തീരുമാനിച്ചു.

'ആൾട്ടർ' എന്ന പേരിൽ പാലാരിവട്ടം പി.ഒ.സിയിൽ പ്രതിമാസ രംഗകലാവതരണങ്ങൾ നടത്തുന്നതാണ് പ്രഥമ പരിപാടി. കേരളത്തിലെ പ്രൊഫഷണൽ നാടകരചയിതാക്കൾ, സംവിധായകർ, അഭിനേതാക്കൾ എന്നിവർക്കുവേണ്ടി ക്രിയാത്മകചർച്ച, പരിശീലനം, എന്നിവയും നടത്തും. ആൾട്ടറിന്റെ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് അഞ്ചിന് പാലാരിവട്ടം പി.ഒ.സിയിൽ കെ.സി.ബി.സിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി നിർവഹിക്കും. പി.ഒ.സി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. മുതിർന്ന നാടകനടി കെ.പി.എ.സി ബിയാട്രീസ് മുഖ്യാതിഥിയാകും. തുടർന്ന് 'അന്നം' നാടകം അരങ്ങേറും. പ്രവേശനം പാസ് മൂലമായിരിക്കും. തുടർന്നുള്ള മാസങ്ങളിൽ രംഗാവതരണങ്ങൾ നടത്തുമെന്ന് പി.ഒ.സി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മാദ്ധ്യമ കമ്മിഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ എന്നിവർ അറിയിച്ചു.