docotors

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവർത്തകർ വാ‌ക്‌സിനേഷന് വിധേയമായി.127 കേന്ദ്രങ്ങളിലുമായി 11,851 പേർക്കാണ് രണ്ടാം ദിവസം വാക്സിനേഷൻ നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 66.59 ശതമാനം പേർ സ്വീകരിച്ചു. കോഴിക്കോട് ജില്ലയിൽ 11 കേന്ദ്രങ്ങളിലും എറണാകുളത്ത് 8 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമായിരുന്നു വാക്‌സിനേഷൻ . ചില ചെറിയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ വാക്‌സിനേഷൻ പൂർത്തിയായതിനാൽ പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച 57 പേരും വാക്‌സിനെടുത്തു. ആകെ 16,010 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിനേഷന് വിധേയമായത്. പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ധൈര്യം പകരാൻ ഡോക്ടർമാർ

വാക്‌സിനെ സംബന്ധിച്ച ആശങ്കകൾ മാറ്റുന്നതിനും സഹപ്രവർത്തകർക്ക് ആത്മവിശ്വാസം പകരാനും മുതിർന്ന ഡോക്ടർമാർരണ്ടാം ദിവസവും വാക്‌സിനേഷന് വിധേയമായി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ.എ.സന്തോഷ് കുമാർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, ശിശുരോഗ വിദഗ്ദ്ധൻ ഡോ. റിയാസ് എന്നിവരും എറണാകുളത്ത് കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരനും ഇന്നലെ വാക്‌സിനെടുത്തു.