തിരുവനന്തപുരം: ശ്രീനാരായണഗുരു ഒാപ്പൺ സർവ്വകലാശാലയിൽ ഗുരുദർശനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ അറിയിച്ചു.
സർവ്വകലാശാല രൂപീകരണ ബിൽ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദർശനത്തെ കുറിച്ച് ബിരുദ,ബിരുദാനന്തരകോഴ്സുകളുണ്ടാകും. നിലവിലെ ഒാപ്പൺ യൂണിവേഴ്സിറ്റികളിൽ സയൻസ് വിഷയങ്ങൾ പഠിക്കാനാവില്ല.എന്നാൽ ഗുരുസർവ്വകലാശാലയിൽ അതിന് അവസരമുണ്ട്. പട്ടാമ്പി,തലശ്ശേരി,കോഴിക്കോട്,കൊല്ലം റീജിയണൽ കേന്ദ്രങ്ങളിലും അതിനോട് ചേർന്ന കോളേജുകളിലുമായി ലബോറട്ടറി സൗകര്യമൊരുക്കും.സംസ്ഥാനത്തെ വിദൂരസർവ്വകലാശാല കോഴ്സുകൾക്ക് ഏകീകൃതരൂപം നൽകുകയാണ് ലക്ഷ്യം. അംഗീകാരത്തിന് അപേക്ഷ നൽകിയെങ്കിലും ഒാർഡിനൻസ് പോരെന്നും നിയമം വേണമെന്നും യു.ജി.സി.ശാഠ്യം പിടിച്ചതോടെയാണ് തിരക്കുപിടിച്ച് നിയമം കൊണ്ടുവരേണ്ടിവന്നത്. നേരത്തെ ഒാർഡിൻസ് അടിസ്ഥാനമായി അംഗീകാരം നൽകുമായിരുന്നു. അംഗീകാരം കിട്ടാത്തതിനാൽ റെഗുലർ കോഴ്സുകൾ ആരംഭിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഡിപ്ളോമ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളും ആരംഭിക്കുന്നുണ്ട്. മാർച്ച് മാസത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾക്കായി തദ്ദേശഭരണവും വികസനവും എന്ന വിഷയത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുന്നുണ്ട്. ഇതിന് 16 ക്രെഡിറ്റ് പോയിന്റ് കിട്ടും. ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഭാവിയിൽ ഇത് ഗുണചെയ്യും.
മഹത്തായ ലക്ഷ്യം മുൻനിറുത്തിയാണ് ശ്രീനാരായണഗുരു സർവ്വകലാശാല തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.
അറിവിനെ നിർവചിച്ച ഭാരതീയദാർശനികനാണ് ശ്രീനാരായണഗുരുവെന്നും അദ്ദേഹത്തിന്റെ പേരിലുള്ള സർവ്വകലാശാലയുടെ ഒാർഡിനൻസിൽ ഗവേഷണമുണ്ടെങ്കിലും ബില്ലിൽ അതില്ലെന്നും അത് പരിഹരിക്കണമെന്നും ടി.എ അഹമ്മദ് കബീർ പറഞ്ഞു.തത്ത്വചിന്തയും പ്രായോഗികതയുമാണ് ഗുരുദർശനത്തിന്റെ കാതൽ. സർവകലാശാലയുടെ ഉദ്ദേശ്യലക്ഷ്യത്തിൽ അതുമുണ്ടാകണം. ലോകം ബഹുമാനിക്കുന്ന ശ്രീനാരായണഗുരുവിന്റ പേരിലാകുമ്പോൾ നിലവാരത്തിൽ കരുതലുണ്ടാകണം.
കേന്ദ്രവിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങൾക്ക് അനുസൃതമായി കൂടുതൽ വ്യാപ്തിയും ദേശീയ പ്രാധാന്യവും നേടിയെടുക്കാനാവശ്യമായ മുൻകരുതലുകൾ ശ്രീനാരായണ ഗുരു സർവ്വകലാശാലയ്ക്കുണ്ടാകണമെന്ന് വി.ഡി.സതീശൻ പറഞ്ഞു.
പുതിയ സർവ്വകലാശാല വരുമ്പോൾ വിദൂരസർവ്വകലാശാല കോഴ്സുകൾ നടത്തുന്ന കേരള,കാലിക്കറ്റ്,കണ്ണൂർ സർവ്വകലാശാലകളുടെ തുടർപ്രവർത്തനത്തിൽ നടപടിയുണ്ടാകണമെന്ന് കെ.എസ്.ശബരീനാഥൻ പറഞ്ഞു. എം.ഉമ്മർ,ആർ.രാജേഷ്, എ.എൻ.ഷംസീർ തുടങ്ങിയവരും സംസാരിച്ചു. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം ബിൽ നാളെ സഭ പാസാക്കും.
മെഡിക്കൽ പി.ജിക്ക് എസ്.ഇ.ബി.സി സംവരണം ഉയർത്തുന്നത് പരിഗണനയിൽ
മെഡിക്കൽ പി.ജി പ്രവേശനത്തിന് എസ്.ഇ.ബി.സി സംവരണം ഉയർത്തുന്നത് പിന്നാക്ക വിഭാഗ കമ്മിഷന്റെ പരിഗണനയിലാണെന്നും കമ്മിഷൻ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്റി കെ.ടി ജലീൽ നിയമസഭിൽ അറിയിച്ചു. എസ്.ഇ.ബി.സി സംവരണം എല്ലാ കോഴ്സുകളിലേക്കും ഏകീകരിച്ച് നടപ്പാക്കുന്നത് സംബന്ധിച്ച് ടി.എ. അഹമ്മദ് കബീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്റി. പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ സംവരണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കണമെന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ ആവശ്യം സർക്കാർ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ സംസ്ഥാനത്ത് ഒ.ബി.സി, എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾക്ക് 20 ശതമാനമാണ് സംവരണം. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും 20 ശതമാനം സംവരണം തുടരുന്നു. മുന്നാക്ക സമുദായങ്ങളിലെ ദാരിദ്റ്യ രേഖയ്ക്ക് താഴെയുള്ളവർക്കും 10 ശതമാനം സീറ്റ് സംവരണമുണ്ട്. കുമാരപിള്ള കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എയ്ഡഡ് കോളേജുകളിൽ പ്രൊഫഷണൽ ബിരുദ കോഴ്സുകൾക്ക് 25 ശതമാനം സംവരണമാണുള്ളത്. കുഡുംബി സമുദായത്തിന് ഒരു ശതമാനം അനുവദിച്ചതോടെ എസ്.ഇ.ബി.സി സംവരണം 26 ശതമാനമായി. 2014ലെ ഉത്തരവിൽ ഇത് 30 ശതമാനമാക്കി. നിലവിൽ പ്രൊഫഷണൽ ബിരുദ കോഴ്സുകൾക്ക് എസ്.ഇ.ബി.സി വിഭാഗത്തിന് 30 ശതമാനം സംവരണമാണ് ലഭിക്കുന്നത്. മെഡിക്കൽ പി.ജി കോഴ്സിൽ 2009ലെ ഉത്തരവ് പ്രകാരം 9 ശതമാനം സംവരണമേർപ്പെടുത്തി. എൻജിനിയറിംഗ് പി.ജിക്ക് എസ്.ഇ.ബി.സിക്ക് നിലവിൽ അഞ്ച് ശതമാനമാണ് സംവരണമെന്നും മന്ത്റി പറഞ്ഞു.
സംവരണകാര്യത്തിൽ ഒ.ബി.സി, എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് വിവേചനമോ അനീതിയോ അനുഭവിക്കേണ്ടിവരുന്നില്ലെന്നും മന്ത്റി പറഞ്ഞു.