തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് വാഹനം അടിച്ചുതകർത്ത കേസിലെ മൂന്നാം പ്രതിയെ പൊലീസ് പിടികൂടി. വിഴിഞ്ഞം ചന്തയ്ക്ക് സമീപം കരിയിലക്കെട്ട് പുരയിടത്തിൽ ക്ലീറ്റസിനെയാണ് (27) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഡിസംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലീറ്റസ് ഉൾപ്പെടുന്ന മൂന്നംഗ സംഘം ഫിഷ് ലാൻഡ് ഭാഗത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതിനിടെ അതുവഴിയെത്തിയ പൊലീസ് പട്രോളിംഗ് സംഘം ഇവരെ താക്കീത് ചെയ്തു. ഇതിൽ പ്രകോപിതരായ അക്രമികൾ തിരികെയെത്തിയ പൊലീസ് വാഹനം തടഞ്ഞ് ചില്ലുകൾ അടിച്ചുതകർത്ത ശേഷം ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു. ഒളിവിൽപോയ പ്രതികളിൽ നസ്റിൻ (38), ജോസ് (32) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്.എസ്. സജി, തിങ്കൾ ഗോപകുമാർ, സി.പി.ഒമാരായ കൃഷ്ണകുമാർ, അജികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കുറ്റകൃത്യത്തിന് പ്രതികൾ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.