w

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിലെ തോൽവി സംബന്ധിച്ച് പാളയം ഏരിയാ കമ്മിറ്റിയിലെ 6 അംഗങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. നിലവിൽ രണ്ടുപേരെ ഏരിയാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ബാക്കി നാല് പേരെയും തരംതാഴ്ത്താൻ പാർട്ടി ഒരുങ്ങുന്നത്. സിറ്റിംഗ് വാർഡായ കുന്നുകുഴിയിൽ നിന്ന് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുണ്ടായിരുന്ന എ.ജി ഒലീനയുടെ തോൽവിക്ക് പിന്നിൽ ഈ ആറ് പ്രവർത്തകർക്ക് പങ്കുണ്ടെന്ന അടിസ്ഥാനത്തിലാണ് നടപടി. സി.പി.എമ്മിന്റെ വോട്ട് കോൺഗ്രസിന് ചെയ്തതായും ആരോപണമുണ്ടായിരുന്നു. ഇതും ഇവരുടെ അറിവോടെയായിരുന്നുവെന്നാണ് പാർട്ടി വിലയിരുത്തൽ. തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ പാളയം ഏരിയ കമ്മിറ്റി മൂന്നംഗ കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായിരുന്ന വഞ്ചിയൂർ ബാബു, ഏരിയാ കമ്മിറ്റിയംഗങ്ങളായ പ്രദീപ്, രാധാകൃഷ്ണൻ എന്നിവർ അടങ്ങുന്ന അന്വേഷണ സമിതിയെയാണ് തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിരിക്കുന്നത്. ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്ക് നൽകും. ഇത് ജില്ലാ കമ്മിറ്റി പരിശോധിച്ച് നടപടിയെടുക്കും.

വാർഡ് പ്രസിഡന്റായി ഐ.പി. ബിനുവിനെ തിരഞ്ഞെടുത്തു

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡിൽ പാർട്ടിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കുന്നുകുഴി മുൻ വാർഡ് കൗൺസിലറും നഗരസഭ മുൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ഐ.പി. ബിനുവിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന പാളയം ഏരിയാ കമ്മിറ്റി യോഗമാണ് ബിനുവിന്റെ പേര് നിർദ്ദേശിച്ചത്. ഇത്തവണത്തെ നഗരസഭ തിരഞ്ഞെടുപ്പിൽ ഐ.പി. ബിനുവിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു.