തിരുവന്തപുരം: മുൻ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ റവന്യൂ വരവുകൾ 2018-19 കാലയളവിൽ 9843 കോടി രൂപ വർദ്ധിച്ചതായി സി.എ.ജി റിപ്പോർട്ട്.
സംസ്ഥാനത്തിന്റ തനത് നികുതി വരുമാനത്തിൽ 4,184 കോടിയുടെ വർദ്ധനവുണ്ടായതും കേന്ദ്രസർക്കാരിൽ നിന്നുള്ള വരുമാനം 2,862 കോടി വർദ്ധിച്ചതും കേന്ദ്രനികുതികളുടെ വിഹിതത്തിൽ 2205 കോടിയുടെ വർദ്ധനവുണ്ടായതുമാണ് കാരണം. റവന്യൂ ചെലവിലും 10368.04 കോടിയുടെ വർദ്ധനവുണ്ടായി. അതേ സമയം, മുൻ വർഷത്തെ അപേക്ഷിച്ച് മൂലധനച്ചെലവ് 15.07 ശതമാനം ( 1318 കോടി) കുറഞ്ഞു.
2018-19 ബഡജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും ആ വർഷം നടപ്പാക്കാൻ കഴിഞ്ഞില്ല. 188 കോടി ബഡ്ജറ്റ് വിഹിതത്തോടെ 188 പദ്ധതികൾ പ്രഖ്യാപിച്ചു. 5 പദ്ധതികളിലായി 18.47 കോടി രൂപ മാത്രമാണ് ചെലവിട്ടത്.
കഴിഞ്ഞ 5 വർഷത്തെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിന്റെ വളർച്ചാ നിരക്ക് ഏറ്റവും കുറവാണ് . 2014-15ൽ റവന്യു വരുമാനത്തിന്റെ 61 ശതമാനമായിരുന്നു തനതു നികുതി. 2018-19ൽ ഇത് 55 ശതമാനമായി കുറഞ്ഞു.2012ൽ മെഡിക്കൽ സെസ് ഏർപ്പെടുത്തി. 2012-13 മുതൽ 17-18വരെ മെഡിക്കൽ സെസായി പിരിച്ച 307.02 കോടിയിൽ നിന്ന് 30കോടി മാത്രമേ കെ.എം. എസ്. സി.എല്ലിന് കൊടുത്തുള്ളൂ.മദ്യം വാങ്ങുന്നവരിൽ നിന്നു ഈടാക്കിയ പുനരധിവാസ സെസ് 1028 കോടി രൂപ ഇപ്പോഴും ചെലവഴിച്ചിട്ടില്ല. സാമൂഹിക സുരക്ഷാ പദ്ധതിക്കായി പിരിച്ച 3448 കോടി രൂപ വകമാറ്റി ചെലവഴിച്ചു.