തിരഞ്ഞെടുപ്പ് രാവിലെ 10മുതൽ
തിരുവനന്തപുരം : കോർപ്പറേഷനിലെ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.ധനകാര്യസ്ഥിരം സമിതി ചെയർമാൻ ഡെപ്യൂട്ടിമേയറായതിനാൽ സി.പി.ഐയിലെ പി.കെ.രാജു ഇതിനോടകം ചുമതലയേറ്റു.ബാക്കിയുള്ള ഏഴ് സ്ഥിരം സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10മുതൽ നടക്കും.വോട്ടെടുപ്പിന് 15മിനിട്ട് മുമ്പ് വരെ നാമനിർദേശ പത്രിക നൽകാം.മികച്ച ഭൂരിപക്ഷമുള്ള എൽ.ഡി.എഫിന് ചെയർമാൻ സ്ഥാനങ്ങൾ ഉറപ്പാണ്.എന്നാൽ മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയും മത്സരംഗത്ത് ഉള്ളതിനാൽ വോട്ടെടുപ്പിലൂടെയായിരിക്കും അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുക്കുന്നത്. യു.ഡി.എഫ് അംഗങ്ങൾ മത്സരംഗത്തുണ്ടാകില്ല വോട്ടെടുപ്പിലും പങ്കെടുക്കില്ല. ഇടത് മുന്നണി വികസനം,ആരോഗ്യ സമിതികളിൽമാത്രമാണ് ഒന്നിലധികം പേരെ പരിഗണിക്കുന്നത് മറ്റുള്ളവരെല്ലാം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. വികസന കാര്യ സ്ഥിരം സമിതിയിൽ ഉള്ളൂരിലെ എൽ.എസ്. ആതിരയും ചാക്കയിലെ ശാന്തയുമാണ് പരിഗണനയിലുള്ളത്. ആരോഗ്യകാര്യ സ്ഥിരം സമിതിയിൽ പേരൂർക്കടയിലെ പി. ജമീല ശ്രീധരനെയാണ് പാർട്ടി പരിഗണിക്കുന്നത്.എന്നാൽ അവർ പൂർണസമ്മതം അറിയിച്ചിട്ടില്ല. അസൗകര്യം ആവർത്തിച്ചാൽ മാത്രം പാർട്ടി മറ്റൊരാളെ നിയോഗിക്കും.ക്ഷേമകാര്യം പുത്തൻപള്ളിയിലെ എസ്.സലിം,മരാമത്ത് മെഡിക്കൽ കോളേജിലെ ഡി.ആർ.അനിൽ,നഗരാസൂത്രണം പൗണ്ട്കടവ് കൗൺസിലർ ജിഷ ജോൺ,വിദ്യാഭ്യാസ കായികം നന്ദൻകോട് കൗൺസിലർ ഡോ. കെ.എസ്. റീന എന്നിവരും അദ്ധ്യക്ഷരാകുമെന്നാണ് വിവരം.നികുതി അപ്പീൽകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം സി.പി.ഐ ഒഴികെയുള്ള നാല് ഘടകകക്ഷികൾക്കായി വീതിച്ചു നൽകിയിരിക്കുകയാണ്. ഓരോരുത്തർക്കും 15 മാസം വീതം അധ്യക്ഷ പദവി ലഭിക്കും. ആദ്യ ടേമിൽ എസ്. എം. ബഷീറും (ഐ.എൻ.എൽ), രണ്ടാം വർഷം പാളയം രാജനും (കോൺഗ്രസ്–എസ്), മൂന്നാമത് സിന്ധുവും (ജനതാദൾ–എസ്), നാലാമത് ആർ. സുരകുമാരിയും (ജെഎസ്എസ്) ആയിരിക്കും അദ്ധ്യക്ഷ സ്ഥാനത്തെത്തുക.