vanitha-mathil-congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുക കൂട്ടായ നേതൃത്വമെന്ന സന്ദേശമാണ്, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളെ മാത്രമുൾപ്പെടുത്തിയുള്ള പ്രചാരണ സമിതിയിലൂടെ യു.ഡി.എഫ് ഘടകകക്ഷികൾക്കുൾപ്പെടെ കോൺഗ്രസ് ഹൈക്കമാൻഡ് നൽകുന്നത്.ഏതെങ്കിലുമൊരു വ്യക്തിയെ ഉയർത്തിക്കാട്ടിയാവില്ല ഇനിയുള്ള നീക്കങ്ങൾ. എ.ഐ.സി.സി ജനറൽസെക്രട്ടറിമാരായ കെ.സി. വേണുഗോപാലും താരിഖ് അൻവറുമുൾപ്പെടെ പ്രചരണസമിതിയിലുൾപ്പെട്ടത്, നിയന്ത്രണം ഹൈക്കമാൻഡിന്റെ കൈകളിലായിരിക്കുമെന്ന് വ്യക്തമാക്കുന്നു. സമിതിക്ക് ഗൗരവസ്വഭാവം കൈവരുത്താനുള്ള കരുതലുണ്ട്.

ഏതെങ്കിലുമൊരു നേതാവിന്റെ സ്വന്തക്കാരെന്ന് പറയാവുന്ന ആരെയും സമിതിയിലുൾപ്പെടുത്താത്തത്, ഗ്രൂപ്പ് മേൽക്കോയ്മയ്ക്ക് അടിപ്പെടാനാവില്ലെന്നതിന്റെയും സൂചനയായി. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ വെളിച്ചത്തിൽ, പതിവ് അലസഭാവം പറ്റില്ലെന്ന വ്യക്തമായ സന്ദേശവും നൽകുന്നു. എന്ത് വില കൊടുത്തും നിയമസഭാ തിരഞ്ഞെടുപ്പിലൊരു തിരിച്ചുവരവാണ് ലക്ഷ്യം.

ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിച്ചത്, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടന്ന പരസ്യവിഴുപ്പലക്കുകൾക്ക് അറുതിവരുത്താനാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം തുല്യപ്രാധാന്യം ഉമ്മൻ ചാണ്ടിക്കും കൈവരുന്നു.2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം പിൻവലിഞ്ഞ് നിന്നിരുന്ന ഉമ്മൻ ചാണ്ടിയെ, വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു.അപ്പോഴും, അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാരാകുമെന്നതിൽ മൗനം പാലിക്കുകയാണ് കോൺഗ്രസ് നേതൃത്വം.

ഉമ്മൻ ചാണ്ടിയെ സജീവ നേതൃത്വത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് താരിഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചയിൽ യു.ഡി.എഫ് ഘടകകക്ഷികളും ആവശ്യപ്പെട്ടിരുന്നു. ചില സമുദായ നേതൃത്വങ്ങളും അത്തരത്തിലുള്ള സൂചനകൾ ഹൈക്കമാൻഡ് പ്രതിനിധികൾക്ക് നൽകി. എന്നും യു.ഡി.എഫിനെ തുണക്കാറുള്ള മദ്ധ്യ കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ഇത്തരമൊരു നീക്കത്തിന് ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഭരണം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്നതിലെ ആശയക്കുഴപ്പം കൂട്ടാൻ ഇതിടയാക്കുമെന്ന അഭിപ്രായവുമുണ്ട്. കോൺഗ്രസിലെ ആശയക്കുഴപ്പം ഇടതുപക്ഷം പ്രചരണായുധമാക്കിയേക്കാം. ഹൈക്കമാൻഡ് തീരുമാനം ഉമ്മൻ ചാണ്ടിയെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും കരുത്തനാക്കുന്നു. ചെന്നിത്തലയോട് അനീതി കാട്ടിയെന്ന തോന്നലുണ്ടാകാതിരിക്കാൻ, അദ്ദേഹത്തെയും വിശ്വാസത്തിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാത്തതും അതിന്റെ ഭാഗമാണ്.