തിരുവനന്തപുരം: ബാഫാക്കി തങ്ങൾ മരിച്ചപ്പോൾ കേരളകൗമുദിയിലെ എട്ട് കോളം ഹെഡ്ഡിംഗ് "പരിശുദ്ധമായ ജീവിതത്തിന് വിശുദ്ധമായ അന്ത്യം " എന്നായിരുന്നു. ഇത് മലയാളി എന്നും പുലർത്തിപ്പോന്ന മതേതര സംസ്കാരത്തിന്റെ സാക്ഷ്യപത്രമായിരുന്നുവെന്ന് ലീഗ് നേതാവ് ടി.എ.അഹമ്മദ് കബീർ നിയമസഭയിൽ പറഞ്ഞു.
സമീപകാലത്ത് സംസ്ഥാനത്ത് ആ സംസ്കാരത്തിനാണ് ഉലച്ചിൽ തട്ടുന്നത്. നബിയെ മുത്തുനബിയെന്ന് വിളിച്ചത് ശ്രീനാരായണ ഗുരുവാണ്. ഇവിടെ പിന്നാക്കക്കാർക്കും അധഃസ്ഥിതർക്കും നീതിവേണമെന്ന ശബ്ദമുയർന്നത് ഡോ.പൽപ്പുവിന് നീതി നിഷേധിച്ചതോടെയാണ്. അന്നുമുതൽ നാട്ടിൽ നിലനിന്നുവരുന്ന സവിശേഷമായ സഹവർത്തിത്വം ഇല്ലാതാക്കാനുള്ള ശ്രമം വർഗീയ പരാമർശങ്ങളോടെ ഇടതുമുന്നണി നടത്തുന്നത് വേദനാജനകമാണ്.മലയാളിയുടെ മനസ് സ്വതന്ത്രമാണ്. അതിനെ പരിഹസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.